| Tuesday, 30th August 2022, 9:50 pm

വീണ്ടും പാണ്ഡ്യ, വീണ്ടും വീണ്ടും പാണ്ഡ്യ; റെക്കോഡിട്ട് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍, പാകിസ്ഥാനെതിരായ തങ്ങളുടെ ആദ്യ മത്സരത്തില്‍ മിന്നുന്ന വിജയമായിരുന്നു ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ അഴിഞ്ഞാട്ടമായിരുന്നു യു.എ.യില്‍ കണ്ടത്.

ഹൈ പ്രഷര്‍ സിറ്റുവേഷനിലും സമ്മര്‍ദ്ദത്തിന്റെ കണിക പോലുമില്ലാതെ ഹര്‍ദിക് എതിരാളികളെ അടിച്ചൊതുക്കുകയായിരുന്നു. മറ്റേതെങ്കിലും താരമായിരുന്നെങ്കില്‍ ഒരുപക്ഷേ സമ്മര്‍ദ്ദത്തിലാവുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ ഒരു സാഹചര്യത്തില്‍ നിന്നാണ് കൂളായി പാണ്ഡ്യ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.

ഇന്ത്യയുടെ വിശ്വസ്ത ഓള്‍ റൗണ്ടറെന്ന് തന്നെ വിശേഷിപ്പിക്കുന്നത് എന്തിനാണെന്ന കാര്യം അടിവരയിട്ടുറപ്പിക്കുന്ന പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് പാണ്ഡ്യ പിഴുതെടുത്തത്.

ഓപ്പണറായ മുഹമ്മദ് റിസ്വാനായിരുന്നു ആദ്യം പാണ്ഡ്യക്ക് മുമ്പില്‍ അടിപതറിയത്. പിന്നാലെ ഇഫിതിഖര്‍ അഹമ്മദും കുഷ്ദില്‍ ഷായും ഹര്‍ദിക്കിന് മുമ്പില്‍ വീണു.

പാകിസ്ഥാന്‍ നിരയിലെ പത്ത് വിക്കറ്റും പിഴുതെടുത്താണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പോരാട്ടം അവസാനിപ്പിച്ചത്.

ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിലും തന്റെ സ്‌ഫോടനാത്മക ശൈലി പുറത്തെടുത്ത പാണ്ഡ്യ സിക്‌സറിലൂടെയാണ് കളിയവസാനിപ്പിച്ചത്. ജയിക്കാന്‍ മൂന്ന് പന്തില്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ തൊട്ടടുത്ത പന്തില്‍ തന്നെയായിരുന്നു താരത്തിന്റെ ക്ലാസിക് ഷോട്ട്.

ഇതോടെ ഒരു മികച്ച റെക്കോഡും താരത്തെ തേടി എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഡെത്ത് ഓവറില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ബാറ്റര്‍ എന്ന റെക്കോഡാണ് പാണ്ഡ്യ തന്റെ പേരിലാക്കിയിരിക്കുന്നത്.

34 സികസറുകളാണ് താരം അടിച്ചെടുത്തത്. ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച ആ സിക്‌സര്‍ തന്നെയായിരുന്നു പാണ്ഡ്യയെ റെക്കോഡിലുമെത്തിച്ചത്. മത്സരത്തില്‍ ആ ഒരു സീക്‌സര്‍ മാത്രമേ നേടിയതെങ്കിലും നാല് ബൗണ്ടറിയും പാണ്ഡ്യയുടെ ബാറ്റില്‍ നിന്നും പിറന്നു. 17 പന്തില്‍ നിന്നും പുറത്താവാതെ 33 റണ്‍സായിരുന്നു പാണ്ഡ്യ സ്വന്തമാക്കിയത്.

യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ നായകനായ ഹര്‍ദിക് തന്നെയായിരുന്നു കളിയിലെ താരവും.

വരാനിരിക്കുന്ന മത്സരത്തിലും അദ്ദേഹം ഇതേ ഫോം തുടരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഓഗസ്റ്റ് 31നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഹോങ് കോങ്ങാണ് എതിരാളികള്‍.

Content Highlight: Hardik Pandya sets a new record in T20

We use cookies to give you the best possible experience. Learn more