|

എങ്ങനെ നന്നായി ഫിനിഷ് ചെയ്യാം എന്നായിരുന്നു ലോക്ക് ഡൗണ്‍ കാലത്തെ ആലോചന: ഹര്‍ദിക് പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി: ലോക്ക് ഡൗണ്‍ കാലത്ത് എങ്ങനെയാണ് കളി മികച്ച രീതിയില്‍ ഫിനിഷ് ചെയ്യുക എന്നായിരുന്നു താന്‍ പരിശീലിച്ച് കൊണ്ടിരുന്നതെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഓസ്‌ട്രേലിയ്‌ക്കെതിരായ രണ്ടാം ടി-20യില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചതിന് ശേഷമായിരുന്നു പാണ്ഡ്യയുടെ പ്രതികരണം.

‘ഏറ്റവും ആവശ്യമുള്ള സമയത്ത് എങ്ങനെ ഫിനിഷ് ചെയ്യാമെന്നതിലായിരുന്നു ലോക്ക് ഡൗണ്‍ കാലത്ത് ഞാന്‍ ശ്രദ്ധിച്ചിരുന്നത്. ഞാന്‍ സ്‌കോര്‍ ചെയ്യുന്നുണ്ടോ എത്ര സ്‌കോര്‍ ചെയ്യുന്നു എന്നത് പ്രധാനമല്ല’, പാണ്ഡ്യ പറഞ്ഞു.

നേരത്തേയും ഇത്തരം സാഹചര്യങ്ങളില്‍ താന്‍ കളിച്ചിട്ടുണ്ടെന്നും അന്നത്തെ തെറ്റ് തിരുത്താനാണ് ശ്രമിക്കുന്നതെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു. ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നതെന്നും അമിത ആത്മവിശ്വാസം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം ടി-20യില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ഓസീസിനെ തകര്‍ത്തത്.

ആദ്യം ബാറ്റ് ചെയ്ത് ഓസീസ് പടുത്തുയര്‍ത്തിയ 194 റണ്‍സ് ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടന്നു.

22 പന്തില്‍ 42 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ശിഖര്‍ ധവാന്‍ 52 ഉം വിരാട് കോഹ്‌ലി 40 ഉം കെ.എല്‍ രാഹുല്‍ 30 ഉം റണ്‍സെടുത്ത് പുറത്തായി.

രണ്ടാം കളിയിലും അവസരം ലഭിച്ച സഞ്ജു സാംസണിന് 15 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 194 റണ്‍സെടുത്തത്.

പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന് പകരം ടീമിനെ നയിച്ച മാത്യു വെയ്ഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 32 പന്തില്‍ നാലു ഫോറും ഒരു സിക്സുമടക്കം വെയ്ഡ് 58 റണ്‍സെടുത്തു.

സ്റ്റീവ് സ്മിത്ത് 38 പന്തില്‍ നിന്ന് രണ്ടു സിക്സും മൂന്നു ഫോറുമടക്കം 46 റണ്‍സെടുത്ത് പുറത്തായി.

കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ടി. നടരാജന്‍ ഈ മത്സരത്തിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങിയ നടരാജന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hardik Pandya says he worked on how to finish games during lockdown