ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന ഇംഗ്ലണ്ടിനെ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ തറപറ്റിക്കുകയായിരുന്നു. 50 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 198 റണ്‍സ് നേടിയിരുന്നു. ഇംഗ്ലണ്ട് ബാറ്റിങ്ങിന് മുന്നില്‍ ഒരു സ്‌കോറും സേഫല്ല. പക്ഷെ ഇംഗ്ലണ്ടിനെ 148 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്ക് സാധിച്ചു
ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍ത്ത് കളിച്ച ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നിരയിലെ ഹീറോ. ബാറ്റിങ്ങില്‍ 30 പന്തില്‍ 51 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യ ബൗളിങ്ങില്‍ 4 വിക്കറ്റും നേടിയിരുന്നു.
അഞ്ചാമനായി ഇറങ്ങിയ പാണ്ഡ്യ മികച്ച രീതിയിലാണ് ഇന്ത്യന്‍ ഇന്നിങ്സിനെ നയിച്ചത്. ബൗളിങ്ങില്‍ എത്തിയപ്പോള്‍ തന്റെ സ്ഥിരം അഗ്രസീവ് ശൈലിയിലാണ് അദ്ദേഹം ബൗള്‍ ചെയ്തത്. ഓപ്പണര്‍ ജെയ്സണ്‍ റോയ്, ഡേവിഡ് മലന്‍, ലിവിങ്സ്റ്റണ്‍, സാം കറന്‍ എന്നീ വെടിക്കെട്ട് താരങ്ങളെയാണ് അദ്ദേഹം പുറത്താക്കിയത്.
ഇതോടെ ഒരു ട്വന്റി-20 മത്സരത്തില്‍ നാല് വിക്കറ്റും 50 റണ്‍സും നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി ഹര്‍ദിക് പാണ്ഡ്യ മാറിയിരുന്നു.
എന്നാല്‍ തന്റെ ഈ മൊത്തം പ്രകടനത്തേക്കാള്‍ സന്തോഷം നല്‍കുന്നത് താന്‍ എറിഞ്ഞ പന്ത് 90 മൈല്‍ വേഗതിയില്‍ എത്തിയതാണെന്ന് പാണ്ഡ്യ പറഞ്ഞു. തന്റെ ട്രെയിനേഴ്‌സിനാണ് അദ്ദേഹം ഇതിന്റെ ക്രെഡിറ്റ് നല്‍കിയത്.
‘എന്റെ മൊത്തത്തിലുള്ള പ്രകടനത്തേക്കാള്‍ സ്പീഡോമീറ്ററില്‍ 90.5 എം.പി.എച്ച് കണ്ടതില്‍ ഞാന്‍ സന്തോഷിച്ചു. എന്റെ ട്രെയിനിങ് ടീമായ സോഹം ദേശായിയോടും ഹര്‍ഷയോടുമാണ് ഇതിന്റെ കടപ്പാട്.
പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പുള്ള രണ്ട് പരിശീലന മത്സരങ്ങളിലും ഹര്‍ദിക് കളിച്ചിരുന്നില്ല.
‘അയര്‍ലന്‍ഡ് പര്യടനത്തിന് ശേഷം ഞാന്‍ വിശ്രമിച്ചില്ല. ആറു ദിവസം ഞാന്‍ പരിശീലനം നടത്തി. ഒരു കളിക്കാരനെന്ന നിലയില്‍ എന്റെ പ്രകടനത്തിന് എനിക്ക് ക്രെഡിറ്റ് ലഭിക്കുന്നു, പക്ഷേ ഞങ്ങളുടെ പരിശീലകര്‍ നല്ല പരിശ്രമം നടത്തിയിരുന്നു, അവരാണ് യഥാര്‍ത്ഥ ഹീറോകള്‍,’ ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു.