| Monday, 30th May 2022, 11:50 pm

ലോകകപ്പിനായി എന്തും ചെയ്യും, ഏറ്റവും വലുത് ഇന്ത്യന്‍ ടീം; ഹര്‍ദിക്ക് പാണ്ഡ്യ സ്പീക്കിംഗ്‌

സ്പോര്‍ട്സ് ഡെസ്‌ക്

ആവേശകരമായ ഐ.പി.എല്‍ സീസണ്‍ അവസാനിച്ചിരിക്കുകയാണ്. ഫൈനലില്‍ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തുകൊണ്ട് ഹര്‍ദിക്ക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സാണ് ഐ.പി.എല്‍ കിരീടം നേടിയത്.

മികച്ച പ്രകടനമായിരുന്നു ക്യാപ്റ്റന്‍ ഹര്‍ദിക്ക് പാണ്ഡ്യയും ഗുജറാത്ത് ടൈറ്റന്‍സും ടീമിനായി നടത്തിയത്. കിരീടം നേടിയതോട് കൂടി താനൊരു മികച്ച ക്യാപ്റ്റനാണെന്ന് കൂടി ഹര്‍ദിക്ക് തെളിയിച്ചു.

ഈ വര്‍ഷം ഒക്‌റ്റോബറില്‍ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പ് നേടുന്നതാണ് എന്റെ അടുത്ത ലക്ഷ്യം എന്നാണ് ഹര്‍ദിക്ക പാണ്ഡ്യ പറയുന്നത്. അതിനുവേണ്ടി ഏതറ്റംവരെയും പോകുമെന്നും താരം കൂട്ടിച്ചര്‍ത്തു.

‘എന്ത് സംഭവിച്ചാലും ഇന്ത്യക്ക് ലോകകപ്പ് നേടുക എന്നതാണ് ഏറ്റവും വലിയ കാര്യം. ടീമിനെ മുന്നിലെത്തിക്കാന്‍ ഞാന്‍ എനിക്കുള്ള എല്ലാ കഴിവുകളും ഉപയോഗിക്കും. അത്തരത്തിലുള്ള ഒരു കളിക്കാരാനാകാനാണ് എനിക്കിഷ്ടം’. ഹര്‍ദിക്ക് പറഞ്ഞു

വേറെ ഏതൊക്കെ ടീമില്‍ കളിച്ചാലും ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നത് ഇപ്പോഴും ഒരു സ്വപ്‌നസാക്ഷാല്‍ക്കാരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

2021ല്‍ നടന്ന ടി-20 ലോകകപ്പിലായിരുന്നു താരം അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത് എന്നാല്‍ ഈ ഐ.പി.എല്‍ സീസണിലെ മികച്ച പ്രകടനം താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്റി-20 പരമ്പരക്കുള്ള ടീമിലാണ് ഹര്‍ദിക്കിന് അവസരം ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ എനിക്ക് എല്ലായ്‌പ്പോഴും സന്തോഷമുണ്ട്, എനിക്ക് ലഭിച്ച സ്നേഹവും പിന്തുണയുമെല്ലാം ഞാന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതുകൊണ്ടാണ്, അത് കൊണ്ട് എന്തൊക്കെ സംഭവിച്ചാലും ലോകകപ്പ് നേടണം എന്ന ഒറ്റ ചിന്ത മാത്രമേയുള്ളുവെന്നും ഹര്‍ദിക്ക് പറഞ്ഞു.

ഈ ഐ.പി.എല്ലില്‍ 15 കളികളില്‍ നിന്നും 453 റണ്ണും എട്ട് വിക്കറ്റുമാണ് ഹര്‍ദിക്ക് നേടിയത്. രാജസ്ഥാനെതിരായ ഫൈനലില്‍ ജോസ് ബട്ട്‌ലര്‍, സഞ്ജു സാംസണ്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നീ താരങ്ങളെ പുറത്താക്കിയതും ഹര്‍ദിക്കായിരുന്നു. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചും ഗുജറാത്തിന്റെ ക്യാപ്റ്റന്‍ തന്നെയായിരുന്നു.

Content Highlights: hardik says he wants to win world cup for indian team

We use cookies to give you the best possible experience. Learn more