കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരം മാഞ്ചസ്റ്ററില്‍ നടന്നത്. അവസാന മത്സരവും ജയിച്ച് പരമ്പരയും സ്വന്തമാക്കിയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ നിന്നും തിരിച്ച് വിമാനം കയറിയത്.
ജയിക്കുന്നവര്‍ക്ക് പരമ്പര നേടാം എന്ന അവസ്ഥയായിരുന്നു മാഞ്ചസ്റ്ററില്‍. ടി-20 പരമ്പര കൈവിട്ടെങ്കില്‍ ആ നാണക്കേട് ഏകദിനത്തില്‍ തീര്‍ക്കാം എന്ന് കരുതിയ ഇംഗ്ലണ്ടിന് പിഴച്ചു.
ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവും പന്തിന്റെ വെടിക്കെട്ടുമായപ്പോള്‍ മത്സരം ഇന്ത്യ പുഷ്പം പോലെ ജയിക്കുകയായിരുന്നു.
24 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ദിക് ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. 55 പന്തില്‍ നിന്നും 71 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്. പരമ്പരയിലുടനീളം ഇതേ പ്രകടനം കാഴ്ചവെച്ചപ്പോള്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും പാണ്ഡ്യ സ്വന്തമാക്കി.
ബാറ്റര്‍മാര്‍ തന്നെ എത്രത്തോളം പഞ്ഞിക്കിട്ടാലും വിക്കറ്റ് നേടാന്‍ സാധിക്കുകയാണെങ്കില്‍ അതൊന്നും തനിക്കൊരു കുഴപ്പമല്ല എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ. വിക്കറ്റ് നേടുന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
‘റണ്ണൊഴുക്ക് തടയുകയും ഡോട്ട് ബോളുകളെറിയാനുമാണ് പന്തെറിയുമ്പോള്‍ ഞാന്‍ പ്രാധാന്യം കല്‍പിക്കുന്നത്. ഒരു ഘട്ടത്തില്‍ അവരെന്നെ ക്രൂയിസ് ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു.
ഷോര്‍ട്ട് ബോളുകളെറിയാനാണ് എനിക്കെപ്പോഴും ഇഷ്ടം. പലര്‍ക്കും അതിഷ്ടപ്പെടണമെന്നില്ല. ഇതാണ് എന്നെ കളിയിലേക്കെത്തിക്കുന്നത്. ഞാനൊരു നാണമില്ലാത്ത ബൗളറാണ്. ഒരു വിക്കറ്റ് ലഭിക്കുകയാണെങ്കില്‍ എന്റെ ഓവറിലെ ആറ് പന്തും സിക്‌സറടിച്ചാലും എനിക്ക് പ്രശ്‌നമില്ല,’ താരം പറയുന്നു.
എണ്ണം പറഞ്ഞ നാല് വിക്കറ്റായിരുന്നു പാണ്ഡ്യ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.
ഷോര്‍ട്ട് ബോള്‍ തന്നെയായിരുന്നു പാണ്ഡ്യയുടെ ആയുധം. ഒന്നിന് പിന്നാലെ ഒന്നായി ഷോര്‍ട്ട് ബോളെറിഞ്ഞായിരുന്നു ലിയാം ലിവിങ്‌സ്റ്റണെ താരം പുറത്താക്കിയത്. ഷോര്‍ട്ട് ബോളെറിഞ്ഞ് ലിവിങ്സ്റ്റണെ നിരന്തരം പരീക്ഷിച്ച പാണ്ഡ്യ ഒടുവില്‍ പന്തിന്റെ കൈകളിലെത്തിച്ചാണ് മടക്കിയത്.
ഏറെ നാളായി ബൗളിങ്ങില്‍ നിന്നും വിട്ടുനിന്ന പാണ്ഡ്യയുടെ ബൗളിങ് കരുത്ത് ഐ.പി.എല്ലിലായിരുന്നു വെളിവായത്. തുടര്‍ന്നിങ്ങോട്ടുള്ള എല്ലാ മത്സരത്തിലും പാണ്ഡ്യ പന്തുകൊണ്ട് മായാജാലം കാണിച്ചുകൊണ്ടേയിരുന്നു.