ഇന്ത്യൻ പ്രീമിയർ ലീഗിൽ മത്സരങ്ങൾ ആവേശത്തിന്റെ പരകോടിയിലാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കാനുറച്ച് രംഗത്തിറങ്ങിയ ദൽഹിയെ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു..
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദൽഹി ഡേവിഡ് വാർണർ, സർഫ്രാസ് ഖാൻ, അക്സർ പട്ടേൽ എന്നിവരുടെ ബാറ്റിങ് മികവിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 162 റൺസ് സ്കോർ ചെയ്തിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് സായ് സുദർശന്റെയും ഡേവിഡ് മില്ലറുടെയും ബാറ്റിങ് മികവിൽ പത്തൊമ്പത് ഓവർ പിന്നിട്ടപ്പോഴേക്കും വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.
എന്നാൽ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച ബാറ്റർ സായ് സുദർശനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായ ഹർദിക്ക് പാണ്ഡ്യ.
വിജയലക്ഷ്യമായ 163 റൺസ് പിന്നിട്ടിറങ്ങിയ ഗുജറാത്തിന്റെ ബാറ്റിങ് നിരയിൽ 62 റൺസും സ്വന്തമാക്കിയത് സായ് സുദർശനായിരുന്നു.
21 കാരനായ തമിഴ്നാട് സ്വദേശിയായ യുവതാരം 48 പന്തുകൾ നേരിട്ട് 62 റൺസോടെ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ഇതോടെ സായിയെ പ്രശംസിച്ച് ക്രിക്കറ്റ് ലോകത്ത് നിന്നും നിരവധി വിദഗ്ധർ രംഗത്ത് വന്നിരുന്നു.
“അവൻ വളരെ മനോഹരമായ രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. നിങ്ങൾക്ക് അവൻ എടുക്കുന്ന എഫേർട്ട് കളിക്കളത്തിൽ കാണാൻ സാധിക്കും.
രണ്ട് വർഷത്തിനുള്ളിൽ അവൻ ഐ.പി. എല്ലിന് ശ്രദ്ദേയമായ നിരവധി സംഭാവനകൾ നൽകും. ഇന്ത്യൻ ടീമിലും അവൻ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് എനിക്ക് തോന്നുന്നത്,’ പാണ്ഡ്യ പറഞ്ഞു.
അതേസമയം ഏപ്രിൽ 5ന് രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്‌സും തമ്മിലാണ് അടുത്ത മത്സരം.
ഐ.പി.എൽ മത്സരങ്ങൾ പുരോഗമിക്കവെ ഗുജറാത്ത് ടൈറ്റൻസാണ് നാല് പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാമത്.
Content Highlights: Hardik Pandya said Sai Sudharsan will play for India team in two years