|

എയറിലാവാതിരിക്കല്‍ എത്രത്തോളം പ്രധാനമാണെന്ന് കാണിച്ചുതന്നെ വിക്കറ്റ്; നിര്‍ഭാഗ്യത്തില്‍ നീറി പാണ്ഡ്യ; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്പിന്നര്‍മാരുടെ കരുത്തില്‍ വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ തളച്ചിട്ട ഇന്ത്യ അല്‍പം വിയര്‍ത്തിട്ടാണെങ്കിലും വിജയം സ്വന്തമാക്കുകയായിരുന്നു.

ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ കിഷന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയത്.

ഏഴ് പന്തില്‍ നിന്നും അഞ്ച് റണ്‍സ് നേടി നില്‍ക്കവെയാണ് ഇന്ത്യന്‍ ഉപനായകന്‍ ഹര്‍ദിക് പാണ്ഡ്യ പുറത്താകുന്നത്. നിര്‍ഭാഗ്യകരമായ റണ്‍ ഔട്ടിലൂടെയാണ് പാണ്ഡ്യക്ക് തിരിച്ചുനടക്കേണ്ടി വന്നത്.

ഇന്ത്യന്‍ ഇന്നിങ്‌സിലെ 14ാം ഓവറിലെ ആദ്യ പന്തിലാണ് പാണ്ഡ്യ പുറത്തായത്. യാനിക് കരിയ എറിഞ്ഞ പന്തില്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ഇഷാന്‍ കിഷന്‍ സ്‌ട്രെയ്റ്റ് ഷോട്ട് കളിക്കാന്‍ ശ്രമിച്ചിരുന്നു. കാരിയക്ക് നേരെ ക്യാച്ചിന് കണക്കായി ആ പന്ത് എത്തിയെങ്കിലും ക്യാച്ച് പൂര്‍ത്തിയാക്കാന്‍ വിന്‍ഡീസ് ബൗളര്‍ക്ക് സാധിച്ചില്ല.

കാരിയയുടെ കയ്യില്‍ നിന്നും പന്ത് വഴുതിയെങ്കിലും നേരെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സ്റ്റംപില്‍ കൊള്ളുകയായിരുന്നു. ഈ സംഭവങ്ങള്‍ നടക്കവെ ക്രീസിന് പുറത്തായിരുന്ന പാണ്ഡ്യ പണിപ്പെട്ട് ക്രീസില്‍ കയറാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ പന്ത് വിക്കറ്റില്‍ കൊള്ളുമ്പോള്‍ ഹര്‍ദിക്കിന്റെ ബാറ്റ് ഗ്രൗണ്ടഡ് ആയിരുന്നില്ല. ഇതിന് പിന്നാലെയാണ് താരത്തിന് പുറത്താകേണ്ടി വന്നത്. എന്നാല്‍ പുതിയ റണ്‍ ഔട്ട് നിയമ പ്രകാരം പാണ്ഡ്യ ഔട്ട് അല്ലെന്ന് വാദിക്കുന്നവരുമുണ്ട്.

ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെയാണ് ഹര്‍ദിക് പുറത്താകുന്നത്.

അതേസമയം, ഈ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി. ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. കെന്‍സിങ്ടണ്‍ ഓവല്‍ തന്നെയാണ് വേദി.

Content Highlight: Hardik Pandya’s run out in India vs West Indies 1st ODI

Latest Stories