ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. ടോസ് നേടിയ ഓസീസ് നായകന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റിങ് ആരംഭിച്ച ഇന്ത്യ തുടക്കം മുതല്‍ ആക്രമിച്ചായിരുന്നു കളിച്ചത്.
ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ സൂര്യകുമാര്‍ യാദവ്, എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ ഇന്ത്യ മികച്ച ടോട്ടലില്‍ എത്തുകയായിരുന്നു. 208 റണ്‍സാണ് ഇന്ത്യ നിശ്ചിത ഓവറില്‍ അടിച്ചത്.
ഇന്ത്യക്കായി ഹര്‍ദിക് 71 റണ്‍സും രാഹുല്‍ 55 റണ്‍സും നേടിയപ്പോള്‍ സൂര്യ 46 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും തിളങ്ങാന്‍ സാധിച്ചില്ല. 11 റണ്‍സ് നേടി രോഹിത് മടങ്ങിയപ്പോള്‍ കോഹ്‌ലി രണ്ട് റണ്‍സാണ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കം മുതല്‍ ആക്രമിച്ചായിരുന്നു കളിച്ചത്. ഓസീസിനായി കാമറൂണ്‍ ഗ്രീന്‍ 61 റണ്‍സ് നേടി കളിയിലെ താരമായി. കരിയറില്‍ ആദ്യമായി ഓപ്പണിങ് ഇറങ്ങിയ ഈ 23 വയസുകാരന്‍ ആദ്യ ഓവര്‍ മുതല്‍ തകര്‍ത്തടിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ഫിനിഷിങ്ങില്‍ മാരക അടി അടിച്ച മാത്യു വെയ്ഡ് 21 പന്തില്‍ 45 റണ്‍സ് നേടിയിരുന്നു. മൂന്നാമനായി ഇറങ്ങിയ സ്റ്റീവ് സ്മിത് 35 റണ്‍സ് നേടിയിരുന്നു.
മത്സരത്തിന് ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെയും ക്യാപ്റ്റനെതിരെയും ഒരുപാട് ട്രോളുകളും വിമര്‍ശനങ്ങളും വന്നിരുന്നു. ഇവരെയൊക്കെ കൊണ്ട് ലോകകപ്പിന് പോയാല്‍ ഒന്നും നടക്കില്ലെന്നാണ് ആരാധകര്‍ വാദിക്കുന്നത്. അക്സര്‍ പട്ടേലൊഴികെ എല്ലാ ഇന്ത്യന്‍ ബൗളര്‍മാരും കണക്കിന് തല്ല് വാങ്ങിയിരുന്നു.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ അടിവാങ്ങിയത് എക്‌സ്പീരിയന്‍സ്ഡായിട്ടുള്ള ഭുവനേശ്വര്‍ കുമാറായിരുന്നു. നാല് ഓവറില്‍ 52 റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്. 49 റണ്‍സുമായി ഹര്‍ഷല്‍ പട്ടേല്‍ തൊട്ടുപിന്നാലെ തന്നെയുണ്ടായിരുന്നു.
18ാം ഓവറില്‍ 22 റണ്‍സാണ് ഹര്‍ഷല്‍ വിട്ടു നല്‍കിയത്. മൂന്ന് സിക്‌സര്‍ ആ ഓവറില്‍ ഓസീസ് ബാറ്റര്‍മാരായ മാത്യു വെയ്ഡും ടിം ഡേവിഡും അടിച്ചുകൂട്ടിയിരുന്നു. ഈ മൂന്ന് സിക്‌സറടക്കം ഈ വര്‍ഷം അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തില്‍ 28 സിക്‌സറാണ് ഹര്‍ഷലിന്റെ ബൗളിങ്ങില്‍ ബാറ്റര്‍മാര്‍ അടിച്ചുനേടിയത്.
മത്സരത്തിന് ശേഷമുള്ള പ്രസ് മീറ്റില്‍ ഹര്‍ഷലിന്റെ ഓവറായിരുന്നോ കളിയുടെ ഗതി മാറ്റിയതെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചിരുന്നു. ഇതിന് സ്വല്‍പം ദേഷ്യപ്പെട്ടാണ് ഹര്‍ദിക് മറുപടി നല്‍കിയത്.
നമ്മള്‍ ആരെയും ഒറ്റപ്പെടുത്തികൊണ്ട് സംസാരിക്കരുതെന്നും എല്ലാവരും ഒന്നിനൊന്ന് മെച്ചമാണെന്നും അദ്ദേഹം പറഞ്ഞു. താങ്കള്‍ക്ക് ഏതാണ് ടേണിങ് പോയിന്റായിട്ട് തോന്നുന്നത് എന്നും ഹര്‍ദിക് മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചു.
‘സര്‍, എല്ലാവരും അവരുടെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നതിനാല്‍ ഞങ്ങള്‍ ഒരു ബൗളറെയും ഊന്നി കുറ്റപ്പെടുത്തരുത്, പരമ്പരയില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്.
മത്സരത്തിലെ വഴിത്തിരിവിനെക്കുറിച്ച് നിങ്ങള്‍ എന്നോട് പറയണം. എനിക്കറിയില്ല. ഞങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ അവരെ മത്സരത്തില്‍ നിന്നും തടഞ്ഞ് നിര്‍ത്തുമായിരുന്നു,’ ഹര്‍ദിക് പറഞ്ഞു.
ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ക്കാണ് എല്ലാ ക്രഡിറ്റുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അവസാനിപ്പിച്ചു.