ഐ.പി.എല്‍ 2023ലെ സീസണില്‍ മികച്ച പ്രകടനമാണ് ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തിലുള്ള ഗുജറാത്ത് ടൈറ്റന്‍സ പുറത്തെടുക്കുന്നത്. ഇതുവരെ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ഗുജറാത്ത്.
ടീമിന്റെ മികച്ച പ്രകടനത്തോടൊപ്പം നായകന്‍ എന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ റോളും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം തന്നെ പഞ്ചാബിനെതിരായ മത്സരത്തില്‍ ടൈറ്റന്‍സ് ബൗളര്‍മാര്‍ ഓരോ തവണ വൈഡ് എറിയുമ്പോഴും റണ്‍സ് വഴങ്ങുമ്പോഴും പിഴവുകള്‍ വരുത്തുമ്പോഴും ശാന്തനായി നിന്ന ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെയായിരുന്നു മൊഹാലിയില്‍ കാണാനായത്.
ബൗളര്‍മാരെ വഴക്ക് പറയുകയോ ദേഷ്യപ്പെടുകയോ ചെയ്യാതെ പുഞ്ചിരിച്ചുകൊണ്ട് കയ്യടിക്കുകയും അവരെ മോട്ടിവേറ്റ് ചെയ്യുകയുമാണ് ഹര്‍ദിക് പാണ്ഡ്യ ചെയ്തത്. ഈ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ പാണ്ഡ്യ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ച. എന്നാല്‍ വ്യക്തികത പ്രകടനങ്ങളിലേക്ക് വരുമ്പോള്‍ ഐ.പി.എല്ലിലെ പ്രധാന ഓള്‍ റൗണ്ടറായി പേരുകേട്ട പാണ്ഡ്യക്ക് കളിച്ച മൂന്ന് ഇന്നിങ്‌സിലും കാര്യമായി ഒന്നും ഇതുവരെ ചെയ്യാനായിട്ടില്ല.
ഗുജറാത്ത് ഈ സീസണില്‍ കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് ഒരു മത്സരം താരത്തിന് നഷ്ടമായിരുന്നു. എന്നാല്‍ ബൗളറെന്ന നിലയില്‍ മൂന്ന് ഇന്നിങ്‌സില്‍ ഇതുവരെ ഒരു വിക്കറ്റ് പോലും പാണ്ഡ്യക്ക് സ്വന്തമാക്കാനായിട്ടില്ല. ബാറ്റ് ചെയ്ത മൂന്ന് ഇന്നിങ്‌സിലും കൂടെ 21 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 8(11), 5(4), 8(11) എന്നിങ്ങനെയാണ് മൂന്ന് ഇന്നിങ്‌സില്‍ പാണ്ഡ്യയുടെ സ്‌കോര്‍ നില.
അതുകൊണ്ട് തന്നെ നായകനായി തിളങ്ങുമ്പോഴും വ്യക്തികത പെര്‍ഫോമന്‍സുകൊണ്ട് നല്ല തുടക്കമല്ല പാണ്ഡ്യക്ക് 2023ലെ സീസണില്‍ ലഭിച്ചത്.
അതേസമയം, വ്യാഴാഴ്ച നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് അവസാന ഓവറില്‍ ആവേശകരമായ വിജയം സ്വന്തമാക്കിയിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ബാക്കിനില്‍ക്കെയാണ് ഗുജറാത്ത് മറികടന്നത്.
Content Highlight: Hardik Pandya’s personally performance in 2023 IPL season