ഐ.സി.സി ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ വിജയിച്ചുകൊണ്ട് സെമിയിലേക്ക് മുന്നേറുന്ന ആദ്യ ടീമായി ഇന്ത്യ മാറിയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ക്യാമ്പിന് മുഴുവനും നിരാശ നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പരിക്ക് മൂലം ലോകകപ്പില്‍ നിന്നും പുറത്തായി. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനിടയിലാണ് ഹര്‍ദികിന് പരിക്ക് പറ്റിയത്
മത്സരത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെ ബൗണ്ടറിയി ലേക്ക് പോകുന്ന പന്ത് തടയാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ഹര്‍ദികിന് കണങ്കാലിന് പരിക്കേറ്റത്. ആ സമയത്ത് തന്നെ താരം മത്സരത്തില്‍ നിന്നും പുറത്താവുകയായിരുന്നു. തുടര്‍ന്ന് താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കുകയും ചെയ്യുകയായിരുന്നു.
പിന്നീട് നടന്ന ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെയുള്ള മത്സരങ്ങളിലൊന്നും ഹര്‍ദിക്ക് കളിച്ചിരുന്നില്ല. ഇതിനുപിന്നാലെ ലോകകപ്പിനു ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നെല്ലാം താരം പുറത്തായി.
പരിക്കേറ്റ ഹര്‍ദിക്കിന് പകരം കര്‍ണാടക യുവ പ്രസീത് കൃഷ്ണയെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തി. ഏകദിനത്തില്‍ 17 മത്സരങ്ങളില്‍ നിന്നും 29 വിക്കറ്റുകളാണ് പ്രസീത് നേടിയിട്ടുള്ളത്. ലോകകപ്പിന് മുന്നോടിയായി നടന്ന ഓസ്‌ട്രേലിയന്‍ ഏകദിന പരമ്പരയിലാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്. ആ പരമ്പരയില്‍ താരം മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു. നിലവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടകക്ക് വേണ്ടിയായിരുന്നു പ്രസീത് കളിച്ചിരുന്നത്.
നവംബര്‍ അഞ്ചിന് സൗത്ത് ആഫ്രിക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം നടക്കുക.
Content Highlight: Hardik Pandya ruled out of the world cup due to injury.