| Sunday, 15th October 2023, 10:04 pm

പന്തില്‍ 'കൂടോത്രം' ചെയ്ത് വിക്കറ്റ് വീഴ്ത്തും മുമ്പേ തെറി വിളിച്ചത് ആരെ? എന്തിന്? തുറന്നുപറഞ്ഞ് പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ ഇമാം ഉള്‍ ഹഖിന്റെ വിക്കറ്റ് വീഴ്ത്തും മുമ്പ് താന്‍ പന്തിനോട് മന്ത്രിച്ച കാര്യങ്ങളെന്താണെന്ന് വ്യക്തമാക്കുകാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യ.

വിക്കറ്റ് വീഴ്ത്തുന്നതിന് മുമ്പ് താരം പന്തിനോട് സംസാരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് താന്‍ സംസാരിച്ചതെന്തെന്ന് പാണ്ഡ്യ വെളിപ്പെടുത്തിയത്.

മികച്ച രീതിയില്‍ പന്തെറിയാന്‍ താന്‍ സ്വയം അധിക്ഷേപങ്ങള്‍ ചൊരിയുകയായിരുന്നു എന്നാണ് പാണ്ഡ്യ പറഞ്ഞത്. ‘മികച്ച ലെങ്ത് ബൗള്‍ ചെയ്യുന്നതിനായി ഞാന്‍ എന്നെ തന്നെ അധിക്ഷേപ വാക്കുകള്‍ കൊണ്ട് മൂടുകയായിരുന്നു,’ എന്നാണ് ഇതേകുറിച്ചുള്ള ചോദ്യത്തിന് പാണ്ഡ്യയുടെ മറുപടി.

View this post on Instagram

A post shared by ICC (@icc)

വ്യത്യസ്ത രീതിയിലാണെങ്കിലും സ്വയം മോട്ടിവേറ്റ് ചെയ്യാനുള്ള താരത്തിന്റെ ഈ തന്ത്രം വിജയിക്കുകയും മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ ഇമാം ഉള്‍ ഹഖ് പുറത്താവുകയുമായിരുന്നു.

38 പന്തില്‍ 36 റണ്‍സുമായി മികച്ച ഫോമില്‍ തുടരവെയാണ് ഇമാം പുറത്താകുന്നത്. ഹര്‍ദിക്കിന്റെ ഫുള്ളര്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച ഇമാമിന് പിഴയ്ക്കുകയും കെ.എല്‍. രാഹുലിന്റെ കയ്യില്‍ ഒടുങ്ങുകയുമായിരുന്നു. തകര്‍പ്പന്‍ ഡൈവിങ് ക്യാച്ചിലൂടെയാണ് രാഹുല്‍ ഇമാമിനെ പുറത്താക്കിയത്.

ഇമാം ഉള്‍ ഹഖിന് പുറമെ മുഹമ്മദ് നവാസിനെയും ഹര്‍ദിക് മടക്കിയിരുന്നു.

മത്സരത്തില്‍ ആറ് ഓവര്‍ പന്തെറിഞ്ഞ് 34 റണ്‍സ് മാത്രം വഴങ്ങിയാണ് ഹര്‍ദിക് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. 5.67 എന്ന എക്കോണമിയിലായിരുന്നു പാണ്ഡ്യ പന്തെറിഞ്ഞത്.

മത്സരത്തില്‍ പാണ്ഡ്യക്ക് പുറമെ ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 91 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ബാബര്‍ അസമിന്റെ അര്‍ധ സെഞ്ച്വറിയുടെയും മുഹമ്മദ് റിസ്വാന്റെ ഇന്നിങ്‌സിന്റെയും ബലത്തിലാണ് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 117 പന്ത് ബാക്കി നില്‍ക്കെ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. രോഹിത് ശര്‍മയുടെയും ശ്രേയസ് അയ്യരിന്റെയും അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.

Content Highlight: Hardik Pandya reveals who he ‘hurled abuse at’ before taking Imam’s wicket

We use cookies to give you the best possible experience. Learn more