ഐ.സി.സി ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ വിജയിച്ചുകൊണ്ട് അപരാജിതകുതിപ്പാണ് ഇന്ത്യന്‍ ടീം നടത്തുന്നത്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ ടീമുകളെ വീഴ്ത്തി ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം.
ഇന്ത്യന്‍ ടീമിന്റെ ഈ വിജയങ്ങള്‍ക്ക് പിന്നിലുള്ള തന്ത്രമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ.
ഓരോ മത്സരത്തിനും മുമ്പായി ടീമിന്റെ പ്ലെയിങ് ഇലവനെ കാണിക്കുമ്പോള്‍ അവരുടെ ബാല്യകാലചിത്രങ്ങള്‍ ആയിട്ടാണ് കാണിക്കുന്നതെന്നും ഇന്ത്യന്‍ ഡ്രസിങ് റൂമിലുള്ള അന്തരീക്ഷം വളരെ രസകരവുമാണെന്നാണ് ഹര്‍ദിക് പറഞ്ഞത്.
‘ഞങ്ങളുടെ ഡ്രസിങ് റൂമിലും ടീം മീറ്റിങ്ങിലും പ്ലെയിങ് ഇലവന്‍ കാണിക്കുമ്പോള്‍ ഓരോരുത്തരുടെയും പഴയ ചിത്രങ്ങള്‍ കാണിക്കുന്നു. ഡ്രസിങ് റൂമിലെ അന്തരീക്ഷം വളരെ ലളിതവും രസകരവുമാണ്. ഞങ്ങള്‍ ഒരു യൂണിറ്റ് ആയി കളിക്കുന്നു,’ പാണ്ഡ്യ സ്റ്റാര്‍സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
മൂന്ന് മത്സരങ്ങളില്‍ നിന്നും അഞ്ച് വിക്കറ്റുകളാണ് ഹര്‍ദിക് പാണ്ഡ്യ നേടിയിട്ടുള്ളത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്നതാണ് ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമാക്കുന്നത്.
ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റുകള്‍ക്കും അഫ്ഗാനെ എട്ട് വിക്കറ്റുകള്‍ക്കും പാകിസ്ഥാനെ ഏഴ് വിക്കറ്റിനും തോല്‍പിച്ചുകൊണ്ടാണ് ഇന്ത്യ മുന്നേറുന്നത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കുന്നതാണ് ഇന്ത്യന്‍ ടീമിന്റെ കരുത്ത്.
സ്വന്തം മണ്ണില്‍ രോഹിതും കൂട്ടരും കിരീടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content highlight: Hardik Pandya reveals the of Indian team winning strategy.