കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഇംഗ്ലണ്ട് മത്സരം റിഷബ് പന്ത് എന്ന താരത്തിന്റെ ഏകദിനത്തിലെ ഉദയത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ മാത്രമല്ല, ലിമിറ്റഡ് ഓവര്‍ മത്സരങ്ങളിലും തനിക്ക് തിളങ്ങാനാവും എന്ന് പന്ത് തെളിയിച്ച മത്സരം കൂടിയായിരുന്നു അത്.
റിഷബ് പന്തിനൊപ്പം സ്റ്റാര്‍ ഒള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനവുമാണ് ഇന്ത്യയെ തുണച്ചത്. ഇതോടെ ആദ്യമായി ഇംഗ്ലീഷ് മണ്ണില്‍ ഏകദിന പരമ്പരയും ടി-20 പരമ്പരയും ഒന്നിച്ച് നേടാന്‍ ഇന്ത്യയ്ക്കായി.
പന്തിന്റെയും പാണ്ഡ്യയുടെയും ഐക്കോണിക് പാര്‍ട്‌നര്‍ഷിപ്പാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. തന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറി പന്ത് തന്റെ പേരില്‍ കുറിച്ചപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായി പാണ്ഡ്യയും കസറി.
ഇപ്പോഴിതാ, മത്സരത്തിനിടെ പന്തിന് നല്‍കിയ ഉപദേശത്തെ കുറിച്ച് പറയുകയാണ് ഹര്‍ദിക് പാണ്ഡ്യ. ആദ്യം മത്സരം ജയിക്കണമെന്നും തത്കാലം റിസ്‌ക് എടുക്കേണ്ട എന്നായിരുന്നു പാണ്ഡ്യ പന്തിനോട് പറഞ്ഞത്.
മാച്ചിന് ശേഷം നടന്ന പ്രസ് കോണ്‍ഫറന്‍സിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. ഈ സമയത്ത് റിസ്‌ക് എടുക്കുന്നതായിരുന്നില്ല പ്രധാനം. റിഷബ് പന്തിനുള്ള അതേ തരം ടാലന്റാണ് എനിക്കുമുള്ളത്. റിസ്‌ക്കെടുക്കാതെയും നമുക്ക് റണ്‍സ് നേടാമല്ലോ.
വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കുക എന്നതായിരുന്നു ആ സമയത്ത് പ്രധാനം. ഇംഗ്ലണ്ടിന് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ വിക്കറ്റുകള്‍ വീഴേണ്ടത് അത്യാവശ്യമായിരുന്നു. ഞാന്‍ അതേ കാര്യം തന്നെ പറഞ്ഞുകൊണ്ടേയിരുന്നു, പാര്‍ട്‌നര്‍ഷിപ്പുണ്ടാക്കി മത്സരം ജയിക്കാം.
ആദ്യം മാച്ച് ജയിക്ക്, എന്നിട്ട് നമുക്ക് എല്ലാം ആസ്വദിക്കാം എന്നാണ് ഞാന്‍ അവനോട് പറഞ്ഞത്. അവന്‍ വന്നപ്പോള്‍ ചെറുതായി ഒന്ന് പകച്ചിരുന്നു, പിന്നെയങ്ങോട്ട് അവന്‍ ഷോട്ടുകള്‍ കളിക്കാന്‍ തുടങ്ങി. അവന്‍ അടിച്ചുതുടങ്ങിയാല്‍, നമ്മള്‍ വെറുതെ കാഴ്ചക്കാരായി ഇരുന്നാല്‍ മാത്രം മതി എന്ന കാര്യം എല്ലാവര്‍ക്കും അറിയാമല്ലോ,’ ഹര്‍ദിക് പറഞ്ഞു.
റിഷബ് പന്തായിരുന്നു കളിയിലെ താരം, ഹര്‍ദിക് പാണ്ഡ്യയായിരുന്നു പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ കാലിടറി വീഴാന്‍ തുടങ്ങുമ്പോഴായിരുന്നു പന്ത് ക്രീസിലെത്തിയത്. തുടര്‍ന്ന് 16 ഫോറിന്റെയും രണ്ട് സിക്സറിന്റെയും അകമ്പടിയോടെ പുറത്താവാതെ 125 റണ്‍സായിരുന്നു താരം നേടിയത്. 55 പന്തില്‍ നിന്നും 71 റണ്‍സായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 43ാം ഓവറിലായിരുന്നു ഇന്ത്യയുടെ വിജയം.
ചെയ്സിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പ്രഹരമേറ്റിരുന്നു. വെറും ഒരു റണ്‍ നേടി മൂന്നാം ഓവറില്‍ തന്നെ ശിഖര്‍ ധവാന്‍ പുറത്തായിരുന്നു. ഇതിന് പിന്നാലെ അഞ്ചാം ഓവറില്‍ നായകന്‍ രോഹിത്തിനെയും പുറത്താക്കി ഇംഗ്ലണ്ട് ഇന്ത്യയെ ഞെട്ടിച്ചു.