|

വലിയ കൂള്‍ സെന്‍സിബിള്‍ ആകാന്‍ നോക്കിയതാ, ഏറ്റില്ല!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ട്വന്റി-20 മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. നാല് മത്സരം കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും രണ്ട് മത്സരം വെച്ച് വിജയിച്ചിട്ടുണ്ട്. അവസാന മത്സരത്തില്‍ ജയിക്കുന്ന ടീമിന് പരമ്പര നേടാം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 165 റണ്‍സ് നേടി. 66 റണ്‍സ് നേടിയ സൂര്യകുമാറാണ് ടോപ് സ്‌കോറര്‍. യുവതാരം തിലക് വര്‍മ 27 റണ്‍സ് നേടി. വിന്‍ഡീസിനായി ഷെപ്പേര്‍ഡ് നാല് വിക്കറ്റ് നേടി.

ആറാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സിനെ തേടി ഒരുപാട് വിമര്‍ശനങ്ങള്‍ എത്തിയിട്ടുണ്ട്. 18 പന്ത് നേരിട്ട് വെറും 14 റണ്‍സ് മാത്രമാണ് താരം നേടിയത്. അപ്പുറം മികച്ച ബാറ്റിങ് കാഴ്ചവെച്ച് സൂര്യക്ക് യാതൊരുവിധ പിന്തുണയും നല്‍കാന്‍ ഹര്‍ദിക്കിനായില്ല. ഇന്ത്യയുടെ ഇന്നിങ്‌സിന്റെ ഒഴുക്ക് തന്നെ കളഞ്ഞത് ഹര്‍ദിക്കാണെന്ന് വാദിക്കുന്നവരുണ്ട്.

87ന് നാല് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ക്യാപ്റ്റന്‍ ഹര്‍ദിക് ക്രീസിലെത്തിയത്. പതിയെ നീങ്ങിയ ഹര്‍ദിക്കിന്റെ ഇന്നിങ്‌സില്‍ ഒരു സിക്‌സര്‍ മാത്രമാണുള്ളത്. ഒടുവില്‍ റോമാരോ ഷെപ്പേര്‍ഡിന്റെ പന്തില്‍ ജേസണ്‍ ഹോള്‍ഡറിന് ക്യാച്ച് നല്‍കിയാണ് അദ്ദേഹം കളം വിട്ടത്.

മുന്‍ കാലങ്ങളില്‍ വെടിക്കെട്ട് നടത്തികൊണ്ടിരുന്ന ഹര്‍ദിക് ക്യാപ്റ്റനായതിന് ശേഷം വളരെ പതിയെയാണ് ബാറ്റേന്തുന്നത്. മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍ എം.എസ്. ധോണിയെ അനുകരിക്കുകയാണ് അദ്ദേഹമെന്ന് നേരത്തെ തന്നെ ട്രോളുകളുണ്ടായിരുന്നു. എന്നാല്‍ അത് തനിക്കാവില്ലെന്നും ഒരു കൂട്ടം ആരാധകര്‍ പറയുന്നു.

അതേസമയം സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. 11ാം ഓവര്‍ എത്തി നില്‍ക്കുമ്പോള്‍ വിന്‍ഡീസ് 100 കടന്നിട്ടുണ്ട്. കൈല്‍ മയേഴ്‌സിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്.

Content Highlight: Hardik Pandya Pretends to be sensible but failed yet again