|

'ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്'; ചരിത്രം തിരുത്തിയെഴുതിയ റാഷിദ് ഖാനെ അഭിനന്ദിച്ച് ഇന്ത്യയുടെ 2024 ലോകകപ്പ് ഹീറോ

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ അഫ്ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാനെ അഭിനന്ദിച്ച് ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. തന്റെ നേട്ടത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ കമന്റായാണ് ഹര്‍ദിക് പാണ്ഡ്യ താരത്തെ അഭിനന്ദിച്ചത്.

‘നിങ്ങളുടെ പിന്തുണയില്ലാതെ ഇതൊരിക്കലും സാധ്യമാകില്ലായിരുന്നു. എന്നെ വിശ്വസിച്ച എല്ലാവര്‍ക്കും നന്ദി,’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച പോസ്റ്റില്‍ ‘ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്’ എന്നാണ് ഹര്‍ദിക് കമന്റ് ചെയ്തത്.

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായിരിക്കവെ ഹര്‍ദിക്കും റാഷിദ് ഖാനും ഒന്നിച്ച് കളത്തിലിറങ്ങിയിരുന്നു. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്കൊപ്പം തങ്ങളുടെ ആദ്യ സീസണില്‍ തന്നെ ടൈറ്റന്‍സിനെ ഐ.പി.എല്ലിന്റെ കിരീടമണിയിക്കുന്നവരില്‍ നിര്‍ണായക പങ്കായിരുന്നു റാഷിദ് ഖാനുണ്ടായിരുന്നത്.

ടൈറ്റന്‍സ് ആരാധകര്‍ മിസ് ചെയ്യുന്ന കൂട്ടുകെട്ട്

ഐ.പി.എല്‍ കിരീടവുമായി റാഷിദ് ഖാന്‍

എസ്.എ-20യിലെ എം.ഐ കേപ്ടൗണ്‍ – പാള്‍ റോയല്‍ മത്സരത്തിലാണ് റാഷിദ് ഖാന്‍ ടി-20 ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായത്. വിന്‍ഡീസ് സൂപ്പര്‍ താരം ഡ്വെയ്ന്‍ ബ്രാവോയെ മറികടന്നുകൊണ്ടാണ് റാഷിദ് ഖാന്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്.

റോയല്‍സിനെതിരായ മത്സരത്തിന് മുമ്പ് ബ്രാവോയുടെ നേട്ടത്തിനൊപ്പമെത്തിയ അഫ്ഗാന്‍ സൂപ്പര്‍ താരം ദുനിത് വെല്ലാലാഗയെ ക്ലീന്‍ ബൗള്‍ഡാക്കിയതിന് പിന്നാലെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.

457 ഇന്നിങ്സില്‍ നിന്നും 633 വിക്കറ്റുകളുമായാണ് റാഷിദ് ഖാന്‍ ഒന്നാമതെത്തിയത്. 631 വിക്കറ്റുകളാണ് രണ്ടാം സ്ഥാനത്തുള്ള ബ്രാവോക്കുള്ളത്.

18.07 ശരാശരിയിലും 16.6 സ്ട്രൈക്ക് റേറ്റിലുമാണ് റാഷിദ് ഖാന്‍ പന്തെറിയുന്നത്. 6.49 എന്ന മികച്ച എക്കോണമിയാണ് താരത്തിനുള്ളത്. 2022ല്‍ ബിഗ് ബാഷ് ലീഗില്‍ ബ്രിസ്ബെയ്ന്‍ ഹീറ്റിനെതിരെ അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സിനായി 17 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.

കരിയറില്‍ നാല് ടി-20 ഫൈഫറുകള്‍ നേടിയ താരം 16 ഫോര്‍ഫറുകളും സ്വന്തമാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിന് പുറമെ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്, ബാന്ദ്-ഇ-അമിര്‍ ഡ്രാഗണ്‍സ്, ബാര്‍ബഡോസ് ട്രൈഡന്റ്‌സ്, കോമില്ല വിക്ടോറിയന്‍സ്, ഡര്‍ബന്‍ ഹീറ്റ്, ഗുജറാത്ത് ടൈറ്റന്‍സ്, ഗയാന ആമസോണ്‍ വാറിയേഴ്‌സ്, ഐ.സി.സി വേള്‍ഡ് ഇലവന്‍, കാബൂള്‍ സ്വനാന്‍, ലാഹോര്‍ ഖലന്ദേഴ്‌സ്, എം.ഐ കേപ് ടൗണ്‍, എം.ഐ ന്യൂയോര്‍ക്ക്, സ്പീന്‍ ഘര്‍ ടൈഗേഴ്‌സ്, സെന്റ് കീറ്റ്സ് ആന്‍ഡ് നെവിസ് പേട്രിയ്റ്റ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, സസക്സ്, ട്രെന്റ് റോക്കറ്റ്സ് ടീമുകള്‍ക്ക് വേണ്ടിയാണ് റാഷിദ് കളത്തിലിറങ്ങിയത്.

Content highlight: Hardik Pandya praises Rashid Khan after becoming the leading wicket taker in T20

Latest Stories