ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം കിരീടവും തട്ടകത്തിലെത്തിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് കൊണ്ടാണ് ധോണിയും സംഘവും ടൂര്‍ണമെന്റ് സ്വന്തമാക്കിയത്.
മത്സരത്തിന് ശേഷം ടീം ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. ധോണി ഈ ജയം അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹത്തോടാണ് തോല്‍ക്കേണ്ടി വന്നതെന്നോര്‍ക്കുമ്പോള്‍ വിഷമമില്ലെന്നും ഹര്‍ദിക് പറഞ്ഞു. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നല്ല മനുഷ്യനാണ് ധോണിയെന്നും അദ്ദേഹത്തിന്റെ നേട്ടത്തില്‍ സന്തോഷിക്കുന്നുവെന്നും പാണ്ഡ്യ പറഞ്ഞു.
‘ഞാന്‍ ധോണിയുടെ കാര്യത്തില്‍ വളരെ സന്തോഷവാനാണ്. വിധി നേരത്തെ എഴുതി വെച്ചിട്ടുണ്ട്. എനിക്ക് തോല്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് ധോണിയോടാണ്. നല്ല ആളുകള്‍ക്ക് നല്ലത് സംഭവിക്കും. ധോണി എനിക്കാറിയാവുന്നതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ്. ദൈവം ദയയുള്ളവനാണ്, എന്നോടും ദയ കാണിച്ചിട്ടുണ്ട്. പക്ഷെ ഈ രാത്രി ധോണിയുടേതാണ്,’ ഹര്‍ദിക് പറഞ്ഞു.
അതേസമയം, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത് 20 ഓവറുകളില്‍ 214/4 എന്ന സ്‌കോര്‍ നേടിയപ്പോള്‍ മഴയെത്തുടര്‍ന്ന് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു.
രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ പ്രകടനം സി.എസ്.കെയെ അഞ്ചാം ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടീക്കുകയായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പമെത്താന്‍ ചെന്നൈക്ക് സാധിച്ചു.
Content Highlights: Hardik Pandya praises MS Dhoni after match in IPL