തോല്‍ക്കാനുള്ള കാരണമിത്, കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമായിരുന്നു; കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ
Sports News
തോല്‍ക്കാനുള്ള കാരണമിത്, കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമായിരുന്നു; കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th August 2023, 12:52 pm

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിലേതെന്ന പോലെ ടീമിന്റെ ടോപ് ഓര്‍ഡര്‍ ഒരിക്കല്‍ക്കൂടി പരാജയമാവുകയായിരുന്നു. സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ ഒമ്പത് പന്തില്‍ ഏഴ് റണ്‍സുമായി പുറത്തായപ്പോള്‍ ഏകദിനം കളിക്കാന്‍ പഠിക്കുന്ന ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ് മൂന്ന് പന്തില്‍ ഒരു റണ്‍സും നേടി പുറത്തായി.

ആരാധകര്‍ ഏറെ പ്രതീക്ഷവെച്ചുപുലര്‍ത്തിയ സഞ്ജു സാംസണും നിരാശപ്പെടുത്തി. ഏഴ് പന്തില്‍ ഏഴ് റണ്‍സ് നേടിയാണ് താരം പുറത്തായത്.

യുവതാരം തിലക് വര്‍മയുടെ അര്‍ധ സെഞ്ച്വറി മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ള വക നല്‍കിയത്. 23 പന്തില്‍ 27 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെയും 18 പന്തില്‍ 24 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയുടെയും ഇന്നിങ്‌സ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തി.

ബാറ്റര്‍മാരുടെ മോശം പ്രകടനത്തിനൊപ്പം ഹര്‍ദിക് പാണ്ഡ്യയുടെ മോശം ക്യാപ്റ്റന്‍സി കൂടിയായപ്പോള്‍ ഇന്ത്യ രണ്ടാം മത്സരത്തില്‍ പരാജയം ചോദിച്ചുവാങ്ങി.

ഇപ്പോള്‍ മത്സരത്തില്‍ പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ മത്സരത്തില്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടതാണ് തോല്‍വിക്ക് കാരണമായതെന്നാണ് പോസ്റ്റ് മാച്ച് പ്രസന്റേഷന്‍ സിറമണിയില്‍ പറഞ്ഞത്.

‘സത്യസന്ധമായി പറയുകയാണെങ്കില്‍ ഇതൊരിക്കലും ഒരു നല്ല ബാറ്റിങ് പ്രകടനമായിരുന്നില്ല. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നുവെങ്കില്‍ 160+ അല്ലെങ്കില്‍ 170 റണ്‍സ് വരെ നേടാന്‍ സാധിക്കുമായിരുന്നു,’ ഹര്‍ദിക് പറഞ്ഞു.

‘നിലവിലെ കോമ്പിനേഷനില്‍ ഞങ്ങള്‍ ആദ്യ 7 ബാറ്റര്‍മാരെ വിശ്വസിക്കേണ്ടതുണ്ട്, ബൗളര്‍മാര്‍ നിങ്ങളുടെ ഗെയിമുകള്‍ വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടീമിന് ശരിയായ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പാക്കാനുള്ള വഴികള്‍ ഞങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ അതേസമയം ബാറ്റര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്.

നാലാം നമ്പറില്‍ ഇടം കയ്യന്‍ ബാറ്റര്‍ (തിലക് വര്‍മ) വരുന്നത് വെറൈറ്റി നല്‍കുന്നുണ്ട്. അവന്‍ തന്റെ രണ്ടാം അന്താരാഷ്ട്ര മത്സരമാണ് കളിക്കുന്നതെന്ന തോന്നല്‍ ഉണ്ടായതേയില്ല,’ ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു.

 

അതേസമയം, രണ്ടാം മത്സരത്തിലെ വിജയത്തിന് പിന്നാലെ വിന്‍ഡീസ് 2-0ന്റെ ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്. ശേഷിക്കുന്ന മൂന്ന് മത്സരത്തില്‍ ഒന്നില്‍ മാത്രം വിജയിച്ചാല്‍ വിന്‍ഡീസിന് പരമ്പര സ്വന്തമാക്കാം.

ഓഗസ്റ്റ് എട്ടിനാണ് പരമ്പരയിലെ മൂന്നാം മത്സരം. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയമാണ് വേദി.

 

 

Content Highlight: Hardik Pandya on the reason behind India’s defeat in the second T20I