| Sunday, 9th June 2024, 3:53 pm

പാകിസ്ഥാനെതിരെ ചരിത്രം കുറിക്കാനൊരുങ്ങി ഹർദിക്; സ്പെഷ്യൽ നേട്ടം കൈപ്പിടിയിലാക്കാൻ വേണ്ടത് വെറും ഒരു വിക്കറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പ് ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്.

ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലാന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 16 ഓവറില്‍ 96 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മറുഭാഗത്ത് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ യു.എസ്.എയോട് ഞെട്ടിക്കുന്ന തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ അഞ്ച് റണ്‍സിനായിരുന്നു അമേരിക്ക ബാബര്‍ അസമിനെയും കൂട്ടരെയും വീഴ്ത്തിയത്.

ഇപ്പോഴിതാ പാകിസ്ഥാനെതിരെയുള്ള ഈ മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. പാകിസ്ഥാനെതിരെ ഒരു വിക്കറ്റ് നേടാന്‍ ഹാര്‍ദിക്കിന് സാധിച്ചാല്‍ ഇന്ത്യ-പാകിസ്ഥാന്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി ഹര്‍ദിക്കിന് സാധിക്കും.

ഇതുവരെ പാകിസ്ഥാനെതിരെ ആറ് ടി-20 മത്സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ വീഴ്ത്തിയിട്ടുള്ളത്. ആറ് മത്സരങ്ങളില്‍ നിന്നും 11 വിക്കറ്റ് നേടിയ മുന്‍ പാകിസ്ഥാന്‍ പേസര്‍ ഉമര്‍ ഗുലും ഏഴ് മത്സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഭുവനേശ്വര്‍ കുമാറുമാണ് ഈ നേട്ടത്തില്‍ ഹര്‍ദിക്കിനൊപ്പമുള്ളത്. പാകിസ്ഥാനെതിരെ ഒരു വിക്കറ്റ് കൂടി വീഴ്ത്താന്‍ സാധിച്ചാല്‍ 12 വിക്കറ്റുകളോടെ ഈ നേട്ടത്തില്‍ ഒന്നാമതെത്താന്‍ ഹര്‍ദിക്കിന് സാധിക്കും.

അയര്‍ലാന്‍ഡിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ബൗളിങ്ങില്‍ മിന്നും പ്രകടനമായിരുന്നു ഹാര്‍ദിക് നടത്തിയത്. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 27 റണ്‍സ് വിട്ടു നല്‍കി മൂന്നു വിക്കറ്റുകളാണ് ഹാര്‍ദിക് നേടിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം പാകിസ്ഥാനെതിരെയും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Hardik Pandya need one wicket to Create a new Milestone

Latest Stories

We use cookies to give you the best possible experience. Learn more