ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ മാറ്റുരയ്ക്കാനെത്തിയ ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ നായകന്‍.
മുംബൈ ഇന്ത്യന്‍സ് പാണ്ഡ്യയെ നിലനിര്‍ത്താനോ വിളിച്ചെടുക്കാനോ ശ്രമിക്കാതിരുന്നതിന് പിന്നാലെയാണ് താരം ഗുജറാത്തിലെത്തിയതും നായകനായതും.
പാണ്ഡ്യയുടെ നായകസ്ഥാനവും ടീമിന്റെ ലൈനപ്പും ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്.
എന്നാല്‍ മിഡില്‍ ഓര്‍ഡറില്‍ അടിച്ചു തകര്‍ത്ത പാണ്ഡ്യ ഇപ്പോല്‍ പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ശുഭ്മാന്‍ ഗില്ലിനൊപ്പം പാണ്ഡ്യ ഓപ്പണറായി തന്നെ കളത്തിലിറങ്ങാന്‍ പോവുന്നു എന്നാണ് സൂചനകള്‍.
ടീമിന്റെ ഓപ്പണറായ ഗില്‍ തന്നെയാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്.
ഹര്‍ദിക് ഇപ്പോള്‍ മറ്റൊരു മൂഡിലാണ് കാണപ്പെടുന്നതെന്നും വലിയൊരു എക്‌സ്പിരിമെന്റെന്നോണം ടീമിന്റെ ഓപ്പണറായി ഇറങ്ങാനാണ് ഹര്‍ദിക് ഒരുങ്ങുന്നതെന്നുമാണ് ഗില്‍ പറയുന്നത്. ഓപ്പണറായില്ലെങ്കില്‍ വണ്‍ ഡൗണായെങ്കിലും താരം കളത്തിലിറങ്ങിയേക്കാമെന്നും ഗില്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല.
മിഡില്‍ ഓര്‍ഡറില്‍ അടിച്ചു തകര്‍ക്കുന്ന താരം ടോപ് ഓര്‍ഡറില്‍ എത്രത്തോളം മികവ് പുലര്‍ത്തുമെന്ന് ഒരു പ്രവചനങ്ങള്‍ക്കും സാധ്യമല്ല. ഏറെ കാലം ദേശീയ ടീമില്‍ നിന്നും പുറത്തിരുന്ന താരത്തിന്റെ പ്രകടനം എത്രത്തോളം മികച്ചതാവുമെന്നാണ് ആരാധകര്‍ ഒരുപോലെ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ നവംബറില്‍ ലോകകപ്പില്‍ കളിച്ച ശേഷം ഹര്‍ദിക് പാണ്ഡ്യ പിന്നീട് സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി ക്രിക്കറ്റിലേക്ക് തിരിച്ചു വന്നിരിക്കുന്ന താരം ഫിറ്റ്‌നസിലായിരുന്നു കൂടുതല്‍ ശ്രദ്ധ വെച്ചത്.
പുറം വേദനയെ തുടര്‍ന്ന് ഏറെ നാള്‍ ബൗളിംഗില്‍ നിന്നും വിട്ടുനിന്നിരുന്ന താരം ഐ.പി.എല്ലിനായി ബൗളിംഗ് പരിശീലനം നടത്തുകയും ചെയ്തിരുന്നു. പഴയ ഓള്‍റൗണ്ടര്‍ ഹര്‍ദിക്കിനെ തന്നെയാവും ഇത്തവണ ഐ.പി.എല്‍ കാണുന്നത് എന്നതിനെ കുറിച്ചുള്ള സൂചനകളാണ് താരം പങ്കുവെക്കുന്നത്.
മാര്‍ച്ച് 28നാണ് ഗുജറാത്തിന്റെ ആദ്യ മത്സരം. സീസണിലെ കന്നിക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ടീമിന്റെ എതിരാളികള്‍.