| Sunday, 17th July 2022, 9:11 pm

ഇന്ത്യന്‍ ടീമിലെ മികച്ച താരം ഇദ്ദേഹമല്ലാതെ മറ്റാരാണ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറി നേടിയെങ്കിലും രണ്ടാം ഓവറില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്ക്റ്റ് നഷ്ടമായിരുന്നു.

46ാം ഓവറില്‍ ഇംഗ്ലണ്ട് 259 റണ്‍സ് നേടി എല്ലാവരും പുറത്തായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു. വാലറ്റത്ത് വെടിക്കെട്ട് നടത്തിയ ഓവര്‍ട്ടണാണ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്. നേരത്തെ ക്യാപ്റ്റന്‍ ബട്ട്‌ലര്‍ 60 റണ്‍സ് നേടിയിരുന്നു. ഓവര്‍ട്ടണ്‍ 32 റണ്‍സ് നേടി.

നാല് വിക്കറ്റുകള്‍ നേടിയ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ബൗളിങ്ങിനെ നയിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി ഏറ്റവും മികച്ച രീതിയിലാണ് പാണ്ഡ്യ കളിക്കുന്നത്. കുറച്ചുകാലം മുമ്പ് വരെ ടീമില്‍ സ്ഥാനം പോലുമില്ലാത്ത താരമായിരുന്നു പാണ്ഡ്യ. പരിക്കുകളും ഫോമൗട്ടും താരത്തെ അലട്ടിയിരുന്നു. എന്നാല്‍ ഇന്ന് ടീമില്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ പറ്റാത്ത് സാഹചര്യമാണ്.

ബൗളിങ്ങില്‍ ഉപയോഗമില്ലെങ്കില്‍ താരത്തെ ടീമില്‍ കളിപ്പിക്കരുത് എന്ന് ഒരുപാട് പേര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ബോള്‍ കൊണ്ട് തന്റെ വിമര്‍ശകരെയടക്കം ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് താരം. നിലവില്‍ ടീമിലെ ഏറ്റവും മികച്ച താരം ഇദ്ദേഹമാണെന്ന് നിസംശയം പറയാന്‍ സാധിക്കും. നിലവിലെ ഫോമില്‍ ടീമിലേ ഏറ്റവും വലിയ മാച്ച് വിന്നര്‍ പാണ്ഡ്യയായിരിക്കും.

കഴിഞ്ഞ ഐ.പി.എല്ലിന് ശേഷമാണ് ഹര്‍ദിക് തന്റെ ഫോമിലേക്ക് തിരിച്ചെത്തിയത്. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി താരം കാഴ്ചവെച്ച മികച്ച പ്രകടനം ഇന്ത്യന്‍ ടീമിലും തുടരുകയാണിപ്പോള്‍. ഐ.പി.എല്ലില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിക്കാനും ഹര്‍ദിക്കിന് സാധിച്ചിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്റി-20 പരമ്പരയിലും അത് കഴിഞ്ഞുള്ള അയര്‍ലന്‍ഡ് പരമ്പരയില്‍ നായകനായും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇംഗ്ലണ്ട് പരമ്പരയില്‍ ബാറ്റ് കൊണ്ട് മോശമല്ലാത്ത പ്രകടനം നടത്താന്‍ കഴിഞ്ഞപ്പോള്‍ ബോള്‍ കൊണ്ട് ഇതുവരെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഹര്‍ദിക്കിന്റെ പ്രകടനം ഇന്ത്യന്‍ ടീമിന്റെ കുതിപ്പിന് പ്രധാനമായിരിക്കും.

Content Highlights: Hardik Pandya is current superstar of Indian cricket team

We use cookies to give you the best possible experience. Learn more