Sports News
കുങ്ഫു പാണ്ഡ്യയുടെ മുന്നിലുള്ളത് ഇനി ഭുവനേശ്വര്‍ മാത്രം; മെന്‍ ഇന്‍ ഗ്രീനിനെതിരെ തകര്‍പ്പന്‍ റെക്കോഡ് കുതിപ്പില്‍ ഇന്ത്യന്‍ ചീറ്റ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 24, 04:18 am
Monday, 24th February 2025, 9:48 am

പാകിസ്ഥാനെതിരെ ഇന്ത്യ വമ്പന്‍ ജയമാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്വന്തമാക്കിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് പുറത്തായി. 242 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 45 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

പാകിസ്ഥാനെതിരെ മികവ് പുലര്‍ത്തിയ ബൗളിങ് പ്രകടനമാണ് ഹര്‍ദിക് പാണ്ഡ്യ കാഴ്ചവെച്ചത്. മത്സരത്തില്‍ രണ്ട് തകര്‍പ്പന്‍ വിക്കറ്റ് നേടാനും ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടക്ക് സാധിച്ചു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ ഓപ്പണര്‍ ബാബര്‍ അസമിനെ പുറത്താക്കിയാണ് പാണ്ഡ്യ തന്റെ ബൗളിങ് തുടങ്ങുന്നത്. 26 പന്തില്‍ 23 റണ്‍സ് നേടിയാണ് ബാബര്‍ പുറത്തായത്.

Hardik Pandya

അധികം വൈകാതെ സൗദ് ഷക്കീലിന്റെ വിക്കറ്റും പാകിസ്ഥാന് നഷ്ടമായി. 76 പന്തില്‍ 62 റണ്‍സ് നേടി നില്‍ക്കവെയാണ് ഹര്‍ദിക് വിക്കറ്റ് നേടിയത്. രണ്ട് വിക്കറ്റാണ് നേടിയതെങ്കിലും ഒരു തകര്‍പ്പന്‍ റെക്കോഡ് നേടാന്‍ ഹര്‍ദിക്കിന് സാധിച്ചിരിക്കുകയാണ്.

പാകിസ്ഥാനെതിരെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ആക്ടീവ് താരമാകാനാണ് ഹര്‍ദിക്കിന് സാധിച്ചത്. നിലവില്‍ 13 ഇന്നിങ്‌സില്‍ നിന്ന് 23 വിക്കറ്റുകളാണ് താരം നേടിയത്. ഈ ലിസ്റ്റില്‍ മുന്നിലുള്ളത് 25 വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറാണ്.

പാകിസ്ഥാനെതിരെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരം (ആക്ടീവ്), വിക്കറ്റ്, ഇന്നിങ്‌സ്

ഭുവനേശ്വര്‍ കുമാര്‍ – 25 (17 ഇന്നിങ്‌സ്)

ഹര്‍ദിക് പാണ്ഡ്യ – 23 (13 ഇന്നിങ്‌സ്)

ഇശാന്ത് ശര്‍മ – 20 (13 ഇന്നിങ്‌സ്)

രവീന്ദ്ര ജഡേജ – 17 (19 ഇന്നിങ്‌സ്)

കുല്‍ദീപ് യാദവ് – 15 (6 ഇന്നിങ്‌സ്)

ജസ്പ്രീത് ബുംറ – 12 (11 ഇന്നിങ്‌സ്)

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി പാണ്ഡ്യയ്ക്ക് പുറമെ കുല്‍ദീപ് യാദവ് ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷിത് റാണ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് പാക് താരങ്ങള്‍ റണ്‍ ഔട്ടാവുകയും ചെയ്തു.

 

Content Highlight: Hardik Pandya In Great Record Achievement Against Pakistan