Sports News
ടി-20യിലെ ഇടിമിന്നല്‍, ലോകത്തില്‍ ഒന്നാമന്‍; ആറ് മാസം മുമ്പുള്ള പാണ്ഡ്യയല്ല ഇത്!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 03, 09:40 am
Wednesday, 3rd July 2024, 3:10 pm

2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ ഐതിഹാസികമായ വിജയമാണ്  സ്വന്തമാക്കിയത്. ഒരുഘട്ടത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ പ്രോട്ടിയാസ് തലങ്ങും വിലങ്ങും അടിച്ച് റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ ലോകകപ്പ് ഇന്ത്യയ്ക്ക് നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു.

15 ഓവര്‍ പിന്നിട്ടപ്പോള്‍ 30 റണ്‍സായിരുന്നു സൗത്ത് ആഫ്രിക്കയക്ക് വിജയിക്കാന്‍ വേണ്ടത്. എന്നാല്‍ ജസ്പ്രീത് ബുംറ കളത്തിലിറങ്ങിയതോടെ പ്രോട്ടിയാസ് വിറയ്ക്കുകയായിരുന്നു. മികച്ച രീതിയില്‍ ഓവര്‍ പൂര്‍ത്തിയാക്കിയ ബുംറ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി 2 വിക്കറ്റും നേടിയിരുന്നു. പിന്നീട് നിര്‍ണായകമായ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു പ്രോട്ടിയാസിന് വിജയിക്കാന്‍. ഡേവിഡ് മില്ലറിനെതിരെ പന്തെറിയാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു വന്നത്.

ആദ്യ പന്ത് ഉയര്‍ത്തിയടിച്ച മില്ലറിനെ ഐതിഹാസികമായ ക്യാച്ചില്‍ സൂര്യകുമാര്‍ പുറത്താക്കുകയായിരുന്നു. അവസാന പന്തില്‍ കഗീസോ റബാദയേയും പറഞ്ഞയച്ച് ഇന്ത്യ ലോകകപ്പ് സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ പാണ്ഡ്യ ഐ.സി.സി ടി-20 ഓള്‍ റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമതായി എത്തിയിരിക്കുകയാണ്. 222 റേറ്റിങ് പോയിന്റോടെയാണ് താരം മുന്നില്‍ എത്തിയത്. 222 പോയിന്റുമായി ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ വനിന്ദു ഹസരംഗയും പാണ്ഡ്യയ്‌ക്കൊപ്പമുണ്ട്.

 

ടി-20 ഓള്‍ റൗണ്ടര്‍ റാങ്കിങ്, താരം, രാജ്യം, പോയിന്റ്

1 – ഹര്‍ദിക്ക് പാണ്ഡ്യ – ഇന്ത്യ – 222

1 – വനിന്ദു ഹസരംഗ – ശ്രീലങ്ക – 222

3 – മാര്‍ക്ക്‌സ് സ്റ്റോയിനിസ് – 211

4 – സിക്കന്ദര്‍ രാസ – സിംബാബ്‌വെ – 210

 

2024 ടി-20 ലോകകപ്പില്‍ ബാറ്റ് കൊണ്ടും ബോളുകൊണ്ടും മിന്നും പ്രകടനമാണ് പാണ്ഡ്യ മടത്തിയത്. ഇതോടെ താരം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. ലോകകപ്പില്‍ 150ന് മുകളില്‍ ബാറ്റിങ് സ്‌ട്രൈക്ക് റേറ്റില്‍ 144 റണ്‍സും 11 വിക്കറ്റുകളുമാണ് താരം വീഴ്ത്തിയത്. 2024 ഐ.പി.എല്ലില്‍ വമ്പന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ഹര്‍ദിക്ക്.

മുംബൈ ഇന്ത്യന്‍ സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയതോടെ ടീമിനെ വിജയിപ്പിക്കാന്‍ താരം ഏറെ കഷ്ടപ്പെട്ടു. അതിനാല്‍ അദ്ദേഹം ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ടി-20 ലോകകപ്പില്‍ തീര്‍ത്തും അഗ്രസീവായ പാണ്ഡ്യയെയാണ് കാണാന്‍ സാധിച്ചത്.

Content Highlight: Hardik Pandya In Great Achievement In T-20 Cricket