2024 ഐ.പി.എല്‍ സീസണില്‍ മൂന്ന് തവണ സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ കുരുങ്ങിയ മുംബൈ ഇന്ത്യന്‍സ് കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. മുംബൈയുടെ അവസാന ലീഗ് മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് ഐ.പി.എല്‍ നിയമമനുസരിച്ച് ടീമിന് കുരുക്കുവീണത്.
ആദ്യ കുറ്റത്തിന് ടീം നായകന് 12 ലക്ഷം രൂപ പിഴ ചുമത്തും. രണ്ടാമത്തെ കുറ്റത്തിന് ക്യാപ്റ്റന് ഈ പിഴ 24 ലക്ഷവുമാകും. മാത്രമല്ല സ്ലോ ഓവര്‍ റേറ്റിന് കാരണക്കാരായ കളിക്കാര്‍ക്കും പിഴ ചുമത്തുന്നു.
മൂന്നാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 30 ലക്ഷം രൂപയായി വര്‍ദ്ധിക്കുകയും നായകനെ ഒരു മത്സരത്തില്‍ വിലക്കുകയും ചെയ്യും. ഇതോടെ 2025ല്‍ വരാനിരിക്കുന്ന സീസണില്‍ മുംബൈ നായകന്‍ ഹര്‍ദിക്കിന് ആദ്യ മത്സരം നഷ്ടപ്പെടും.
അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ കഴിഞ്ഞ സീസണില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി ഹര്‍ദിക്കിനെ നായക സ്ഥാനത്ത് എത്തിച്ചിരുന്നു.
ഇതോടെ മുംബൈ ക്യാമ്പില്‍ വമ്പന്‍ പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു. തുടര്‍ന്ന് രോഹിത് ടീമില്‍ നിന്നും പുറത്ത് പോകുമെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ മെഗാലേലത്തിന് മുന്നോടിയായി മുംബൈ രോഹിത്തിനെ നിലനിര്‍ത്തിയിരുന്നു.
ഹാര്‍ദിക്ക് (16.35 കോടി രൂപ), ജസ്പ്രീത് ബുംറ (18 കോടി), രോഹിത് ശര്‍മ (16.30 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), തിലക് വര്‍മ (എട്ട് കോടി രൂപ) എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്.