ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് ഹര്‍ദിക് പാണ്ഡ്യ. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ ഹര്‍ദിക്, കപില്‍ ദേവിനും യുവരാജ് സിങ്ങിനും ശേഷം ഇന്ത്യക്ക് ലഭിച്ച ഫൈവ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ കൂടിയാണ്.
ഐ.പി.എല്‍ 2022യിലും താരത്തിന്റെ ഓള്‍ റൗണ്ട് മികവ് ക്രിക്കറ്റ് ലോകം കണ്ടതാണ്. ഐ.പി.എല്ലിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ ഹര്‍ദിക്കിന്റെ ഓള്‍ റൗണ്ട് പ്രകടനം വഹിച്ച പങ്ക് ചെറുതല്ല.
വരാനിരിക്കുന്ന ഏഷ്യാ കപ്പിലും പേസ് നിരയില്‍ നിര്‍ണായക ശക്തിയാവാന്‍ ഹര്‍ദിക്കാനാവും എന്നത് നിസ്സംശയം പറയാന്‍ സാധിക്കുന്ന കാര്യമാണ്.
നേരത്തെ പുറം വേദന കാരണം ഹര്‍ദിക്കിന് ബൗളിങ്ങില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ഇക്കാലയളവില്‍ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമാവാനും ഹര്‍ദിക്കിനായിരുന്നില്ല.
എന്നാല്‍, ബൗളിങ്ങിലേക്ക് തിരിച്ചുവന്ന ശേഷം താരം ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമാണ്. നിര്‍ണായക ഘട്ടങ്ങളില്‍ പോലും ഇന്ത്യക്ക് വിശ്വസിക്കാനാവുന്ന പേസറായിട്ടായിരുന്നു താരത്തിന്റെ വളര്‍ച്ച.
ഇപ്പോള്‍ ഹര്‍ദിക് പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷന്‍ പരീക്ഷിക്കുന്ന വീഡിയോ ആണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ബുംറയെ പോലെ കൈമുട്ട് മടക്കാതെ നെറ്റ്‌സില്‍ പന്തെറിയുന്ന വീഡിയോ ആണ് ഹര്‍ദിക് പങ്കുവെച്ചത്. ഇതോടെ നിരവധി ആരാധകര്‍ പോസ്റ്റിന് താഴെ ഒത്തുകൂടുകയായിരുന്നു.
പോസ്റ്റിന് കമന്റുമായി ജസ്പ്രീത് ബുംറയും എത്തിയതോടെ ആരാധകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്.
എന്നാല്‍, ചില ആരാധകര്‍ ഹര്‍ദിക്കിന്റെ ചെയ്തിയില്‍ അത്ര തൃപ്തരല്ല. പരിക്ക് പറ്റാന്‍ ഏറെ സാധ്യതയുള്ള ഹര്‍ദിക്കിന്റെ ബൗളിങ് ആക്ഷന്‍ പിന്തുടരുന്നതിലാണ് ആരാധകര്‍ക്ക് ദേഷ്യമുള്ളത്.
കരിയറിന്റെ തുടക്കം മുതല്‍ക്കുതന്നെ ബുംറയുടെ ബൗളിങ് ആക്ഷന്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. കൈമുട്ട് മടക്കാതെയുള്ള താരത്തിന്റെ അണ്‍ ഓര്‍ത്തഡോക്‌സ് ബൗളിങ് ആക്ഷനില്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധാഭിപ്രായം.
ഇത്തരത്തില്‍ പരിക്കേറ്റ് താരത്തിന് പല പരമ്പരകളും നഷ്ടമാവുകയും ചെയ്തിരുന്നു.
ഏറെ നാളുകള്‍ക്ക് ശേഷമാണ് പരിക്കില്‍ നിന്നും വിട്ടുമാറി ഹര്‍ദിക്ക് ബൗളിങ്ങിലേക്ക് മടങ്ങിയെത്തിയത്. വീണ്ടും പരിക്ക് പറ്റിക്കരുതെന്നാണ് ഇവര്‍ പറയുന്നത്.
അതേസമയം, ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് പാണ്ഡ്യ. ഓഗസ്റ്റ് 28ന് പാകിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Content Highlight: Hardik Pandya imitates Jasprit Bumrah’s bowling action