'ഞാന്‍ ഏറ്റെന്നേ'; അവസാന ഓവറിലെ ഐസ് കൂള്‍ പാണ്ഡ്യ; ഡോട്ട് ബോളിന് ശേഷമുള്ള ആ തലയാട്ടല്‍ വൈറല്‍
Cricket
'ഞാന്‍ ഏറ്റെന്നേ'; അവസാന ഓവറിലെ ഐസ് കൂള്‍ പാണ്ഡ്യ; ഡോട്ട് ബോളിന് ശേഷമുള്ള ആ തലയാട്ടല്‍ വൈറല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th August 2022, 9:16 am

ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഇന്ത്യക്കായി 148 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. കൃത്യമായ ഇടവേളകളില്‍ പാക് വിക്കറ്റുകള്‍ പിഴുത ഇന്ത്യക്ക് പാക് ബാറ്റിങ്ങിനെ പിടിച്ചുകെട്ടാന്‍ സാധിച്ചിരുന്നു.

ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റ് നേടിയപ്പേള്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. 42 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനായിരുന്നു പാകിസ്ഥാന്റെ ഉയര്‍ന്ന റണ്‍ നേട്ടക്കാരന്‍. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ എല്ലാ ആവേശവും ആദ്യ പന്ത് മുതല്‍ തന്നെ ഉയര്‍ന്നിരുന്നു.

ഹൈ പ്രഷര്‍ ഗെയിമിലും കളിക്കാര്‍ ശാന്തരായിരുന്നു. ഇരു ടീമുകളും വാശിയോടെ തന്നെ പോരടിച്ചു. ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ രണ്ടാം പന്തില്‍ തന്നെ പ്രഷറിലാക്കാന്‍ പാകിസ്ഥാനും നസീം ഷാക്കും സാധിച്ചിരുന്നു.

ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ പറഞ്ഞയച്ചുകൊണ്ടാണ് പാകിസ്ഥാന്‍ വേട്ട ആരംഭിച്ചത്. മോശം ഫോമിലുള്ള വിരാടായിരുന്നു അടുത്തതായി ക്രീസിലെത്തിയത്. അദ്ദേഹവും നായകന്‍ രോഹിത് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്‌സ് പതിയെ കെട്ടിപ്പൊക്കി. എന്നാല്‍ വലിയ ഇംപാക്റ്റ് ഉണ്ടാക്കാന്‍ സാധിക്കാതെ ഇരുവരും അടുത്തടുത്ത ബോളുകളില്‍ മടങ്ങിയിരുന്നു.

പിന്നീട് സൂര്യകുമാര്‍ യാദവിനെയും ജഡേജയെയും നിര്‍ത്തി പാകിസ്ഥാന്‍ പ്രഷര്‍ ബില്‍ഡ് ചെയ്യുന്ന കാഴ്ചയായിരുന്നു കണ്ടത്. രണ്ടാം സ്‌പെല്ലുമായെത്തിയ നസീം ഷാ സൂര്യയെ മടക്കുകയും ചെയ്തു. പിന്നീട് ക്രീസിലെത്തിയത് ഹര്‍ദിക് പാണ്ഡ്യയായിരുന്നു.

ഒരുപാട് നാളത്തെ പരിക്കിന് ശേഷം കഴിഞ്ഞ ഐ.പി.എല്ലില്‍ ക്രിക്കറ്റില്‍ സജീവമായ പാണ്ഡ്യ മികച്ച പ്രകടനമാണ് അതിന് ശേഷം നടത്തിവരുന്നത്. തുടക്കകാലത്ത് ഹര്‍ദിക്കിനെ എന്ത് പറഞ്ഞാണോ ബില്‍ഡ് ചെയ്തത് അതാണ് ഇപ്പോഴത്തെ ഹര്‍ദിക്. ആരെയും കൂസാതെ, ഏത് സിറ്റുവേഷനിലും കൂളായി കളിക്കുന്ന ഒരു ക്ലാസിക്ക് മാച്ച് വിന്നര്‍.

പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ അതിന്റെ ഒരു ഭാഗമാണ് കണ്ടത്. ആദ്യമൊക്കെ ജഡ്ഡുവിന് കൂട്ടുകെട്ടുണ്ടാക്കി ശാന്തനായി കളിച്ച ഹര്‍ദിക് പിന്നീട് കത്തി കയറുകയായിരുന്നു. ഒടുവില്‍ അവസാന ഓവറില്‍ ഏഴ് റണ്‍സ് എന്ന ഇക്വേഷനില്‍ ഇന്ത്യന്‍ ടീം എത്തി.

എന്നാല്‍ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിക്കാന്‍ ശ്രമിച്ച ജഡ്ഡു ബൗള്‍ഡായി. പിന്നാലെ വന്ന ദിനേഷ് കാര്‍ത്തിക് ഒരു സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് ഹര്‍ദിക്കിന് കൈമാറുന്നു. തൊട്ടു മുമ്പത്തെ ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ തീര്‍ത്ത ഹര്‍ദിക് ക്രീസിലെത്തിയപ്പോഴേ ഇന്ത്യന്‍ ആരാധകര്‍ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ അടുത്ത പന്ത് ഡോട്ട് ബോളായപ്പോള്‍ ആരാധകര്‍ ഒന്നു പരിഭ്രമിച്ചു. നോണ്‍ സ്‌ട്രൈക്കില്‍ നില്‍ക്കുന്ന ദിനേഷ് കാര്‍ത്തിക് വരെ ഒന്നു പേടിച്ചിരുന്നു. കാരണം അടുത്ത മൂന്ന് ബോളില്‍ ആറ് റണ്‍സ് വേണമായിരുന്നു.

കമന്ററി ബോക്‌സില്‍ നിന്നും പാക് കമന്റേറ്റര്‍മാര്‍ ട്വിസ്റ്റ് എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ആ ഡോട്ട് ബോളിന് ശേഷം പരിഭ്രമിച്ച് നില്‍ക്കുന്ന ദിനേഷ് കാര്‍ത്തിക്കിനെ നോക്കി ചുയിംഗം ചവച്ചുകൊണ്ട് ഞാന്‍ ഏറ്റെന്ന നിലയില്‍ തലയൊന്നു ആട്ടി. ബൂം! അടുത്ത പന്ത് ഗാലറിയില്‍.

ഇന്ത്യന്‍ ഡഗ് ഔട്ടും ആരാധകരും ആര്‍ത്തുല്ലസിച്ചു. അയാള്‍ ഒന്നു അഭിവാദ്യം ചെയ്തു ‘ഇതൊക്കെ എന്ത്’ എന്ന ആറ്റിറ്റിയൂഡില്‍ കൂളായി നടന്നുപോയി. മുന്‍ കാലങ്ങളില്‍ ധോണി ചെയ്യുന്നതിനെ അനുസ്മരിപ്പിച്ചുകൊണ്ട്. !

Content Highlight: Hardik Pandya Ice cool Finish against Pakistan