ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചീഫ് സെലക്ടര്‍ അജിത് അഗാകറും കഴിഞ്ഞ ആഴ്ച മുംബൈയില്‍ ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പ് ടീമിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഹര്‍ദിക് പാണ്ഡ്യയുടെ ബൗളിങ് ഫിറ്റ്‌നസിനെ കുറിച്ചുള്ള ആശങ്കകളും ടീമിലെ സ്ഥാനത്തെക്കുറിച്ചും ആണ് അവര്‍ ചര്‍ച്ച നടത്തിയത്. ഐ.പി.എല്‍ അവസാനിക്കുമ്പോഴേക്കും 15 അംഗമുള്ള അന്തിമ പട്ടിക തയ്യാറാക്കാനിരിക്കവേ പാണ്ഡ്യയുടെ സ്ഥാനം സംശയത്തിലാണെന്നും യോഗത്തില്‍ പറഞ്ഞു.
നിലവില്‍ ക്യാപ്റ്റന്‍സിലും പ്രകടനത്തിലും ഹര്‍ദിക് സമ്മര്‍ദത്തിലാണ്. ആറ് മത്സരത്തില്‍ നിന്ന് 131 റണ്‍സ് മാത്രമാണ് താരം നേടിയത്. ആര്‍.സി.ബിക്ക് എതിരെ 6 പന്തില്‍ 21 റണ്‍സ് നേടിയത് ഒഴിച്ചാല്‍ താരത്തിന് കാര്യമായി സീസണില്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. രോഹിത്തിനും ദ്രാവിഡനും ആഗാക്കറിനും ബാറ്റിങ്ങിലെ വിഷയത്തെക്കാള്‍ താരത്തിന്റെ ബൗളിങ്ങില്‍ ആണ് ആശങ്ക.
കൃത്യതയില്ലാത്തതും സ്ഥിരത ഇല്ലാത്തതും ഹര്‍ദിക്കിന് തിരിച്ചടിയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ എം.എസ്. ധോണിക്ക് എതിരെ പന്ത് എറിഞ്ഞപ്പോള്‍ നാല് സിക്‌സറുകളാണ് പാണ്ഡ്യ വഴങ്ങിയത്. ഐ.പി.എല്ലില്‍ മികച്ച രീതിയില്‍ പന്ത് എറിഞ്ഞാല്‍ മാത്രമേ ഹര്‍ദിക് പാണ്ഡ്യയെ ടി-ട്വന്റി ലോകകപ്പിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.