Sports News
പാണ്ഡ്യയ്ക്ക് തിരിച്ചടി; മുംബൈ ക്യാപ്റ്റനാകാന്‍ രോഹിത്തോ?
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 17, 04:04 am
Monday, 17th February 2025, 9:34 am

2025ലെ ഐ.പി.എല്‍ മത്സരങ്ങളുടെ സമയക്രമങ്ങള്‍ ബി.സി.സി.ഐ പുറത്ത് വിട്ടിരുന്നു. ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടൂര്‍ണമെന്റിന്റെ 18ാം പതിപ്പ് മാര്‍ച്ച് 22നാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്.

ടൂര്‍ണമെന്റില്‍ മാര്‍ച്ച് 23ന് രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ആദ്യ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരബാദ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിനെയും നേരിടും.

രണ്ടാം മത്സരത്തില്‍ തുല്ല്യ ശക്തികളായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ചിദംബരം സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ മുംബൈക്ക് ആദ്യ മത്സരത്തില്‍ തന്നെ തങ്ങളുടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ സീസണില്‍  മുംബൈയുടെ അവസാന മത്സരത്തിനിടെ എല്‍.എസ്.ജിക്കെതിരെ സ്ലോ ഓവര്‍ റേറ്റ് കാരണം ഹര്‍ദിക്കിന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തില്‍ വിലക്കും കിട്ടിയിരുന്നു. കഴിഞ്ഞ സീസണില്‍ മൂന്ന് തവണയാണ് എം.ഐ സ്ലോ ഓവര്‍ നിരക്കിന്റെ പിടിയിലായത്. ഇതോടെയാണ് ക്യാപ്റ്റനായ ഹര്‍ദിക്കിന് 2025ലെ ആദ്യ മത്സരത്തില്‍ വിലക്ക് ലഭിക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ ഹര്‍ദിക് കളിച്ചില്ലെങ്കില്‍ ആരാകും ടീമിനെ നയിക്കുകയെന്നാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ തന്നെയാകും ടീമിനെ നയിക്കുകയെന്നാണ് സോഷ്യല്‍ മീഡിയയും ക്രിക്കറ്റ് നിരീക്ഷകരും പറയുന്നത്.

കഴിഞ്ഞ സീസണിലെ മൊത്തം 14 മത്സരങ്ങളില്‍ 10 എണ്ണവും തോറ്റ് 10ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ ഈ സീസണില്‍ മികവ് കാണിക്കാനാണ് ഇറങ്ങുന്നത്. 2024 സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ നീക്കിയാണ് ഗുജറാത്തില്‍ നിന്ന് വലിയ തുകയ്ക്ക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനായി ടീമില്‍ എത്തിക്കുന്നത്. ഇതോടെ ടീമില്‍ പല പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു.

ഐ.പി.എല്‍ 18ാം സീസണിലെ 74 മത്സരങ്ങള്‍ 13 വേദികളിലായിട്ടാണ് നടക്കുക. അതില്‍ 12 ഡബിള്‍-ഹെഡറുകള്‍ ഉള്‍പ്പെടുന്നു. ഉച്ചകഴിഞ്ഞുള്ള മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 03.30 നും വൈകുന്നേരത്തെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി 07.30 നും ആരംഭിക്കും.

Content Highlight: Hardik Pandya Have Big Setback In 2025 IPL