| Sunday, 23rd October 2022, 5:07 pm

കപിലിനും യുവരാജിനും ശേഷം ഇനിയാര് എന്ന ചോദ്യത്തിന് ഇനി ശങ്കയില്ലാതെ ഉത്തരം പറയാം; കാരണം പല തവണയായി അവനത് തെളിയിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവില്‍ ഏറ്റവുമധികം ഡിപ്പന്‍ഡബിളായ ഓള്‍ റൗണ്ടറാണ് താനെന്ന് സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യ ഒരിക്കല്‍ക്കൂടി തെളിയിച്ച പ്രകടനമായിരുന്നു മെല്‍ബണില്‍ കണ്ടത്.

ആദ്യം ബൗളിങ്ങിലും ശേഷം ബാറ്റിങ്ങിലും തകര്‍ത്തടിക്കുന്ന ഹര്‍ദിക് പാണ്ഡ്യയായാണ് ചരിത്രപ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ പ്രധാന കാഴ്ച.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞ എല്ലാവരും മികച്ച പ്രകടനം നടത്തിയപ്പോള്‍ തകര്‍ത്തെറിഞ്ഞത് ഹര്‍ദിക് പാണ്ഡ്യയും അര്‍ഷ്ദീപ് സിങ്ങുമായിരുന്നു.

മൂന്ന് വീതം വിക്കറ്റുകളാണ് ഇരുവരും പിഴുതെറിഞ്ഞത്. നാല് ഓവര്‍ വീതം പന്തെറിഞ്ഞ അര്‍ഷ്ദീപ് സിങ് 32 റണ്‍സ് വിട്ടുനല്‍കിയപ്പോള്‍ ഹര്‍ദിക് 30 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.

ഷദാബ് ഖാന്‍, ഹൈദര്‍ അലി, മുഹമ്മദ് നവാസ് എന്നിവരെയാണ് പാണ്ഡ്യ പുറത്താക്കിയത്.

മത്സരത്തിന്റെ 14ാം ഓവറിലായിരുന്നു പാണ്ഡ്യ കളമറിഞ്ഞ് കളിച്ചത്. ആറ് പന്തില്‍ നിന്നും അഞ്ച് റണ്‍സ് നേടിയ ഷദാബും നാല് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടിയ ഹൈദര്‍ അലിയും പാണ്ഡ്യക്ക് മുമ്പില്‍ അടിപതറി വീണു.

തന്റെ അടുത്ത ഓവറില്‍ നവാസിനെയും മടക്കി പാണ്ഡ്യ പാകിസ്ഥാനെ പിടിച്ചുകെട്ടി.

ക്യാപ്റ്റന്‍ ബാബര്‍ അസമിനെ വീഴ്ത്തി വേട്ട തുടങ്ങിയ അര്‍ഷ്ദീപ്, മുഹമ്മദ് റിസ്വാനെയും ആസിഫ് അലിയെയും പുറത്താക്കി. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.

ബാറ്റിങ്ങില്‍ ഇന്ത്യക്കും തകര്‍ച്ച നേരിട്ടിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് ചേര്‍ത്തപ്പോഴേക്കും കെ.എല്‍. രാഹുലും രോഹിത് ശര്‍മയും കൂടാരം കയറിയിരുന്നു.

പിന്നാലെയെത്തിയ സൂര്യകുമാറും അക്‌സര്‍ പട്ടേലും പെട്ടെന്ന് തന്നെ തിരിച്ച് നടന്നപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്‌സിനെ വീഴാതെ കാത്തത് വിരാടും ഹര്‍ദിക് പാണ്ഡ്യയുമാണ്. ഇരുവരുമാണ് ഇപ്പോള്‍ ഇന്ത്യക്കായി ക്രീസില്‍ നില്‍ക്കുന്നത്.

നിലവില്‍ 39 പന്തില്‍ നിന്നും 43 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. 28 പന്തില്‍ നിന്നും 33 റണ്‍സാണ് ഹര്‍ദിക് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിലും ടീമിന് കരുത്തായ ഹര്‍ദിക്കാണ് ഇന്ത്യയുടെ വിജയപ്രതീക്ഷ കാത്തുസൂക്ഷിക്കുന്നത്.

കപില്‍ ദേവിനും യുവരാജിനും ശേഷം ഇന്ത്യക്ക് ലഭിച്ച സ്റ്റാര്‍ ഓള്‍ റൗണ്ടറായ ഹര്‍ദിക്കാണ് ജഡേജയുടെ വിടവ് ഇപ്പോള്‍ നികത്തുന്നത്.

Content Highlight: Hardik Pandya has once again proved that he is one of the reliable all-rounders

We use cookies to give you the best possible experience. Learn more