| Friday, 14th April 2023, 3:40 pm

സഞ്ജുവിന് പിന്നാലെ പാണ്ഡ്യക്കും '12 ലക്ഷത്തിന്റെ' പണി; പിഴയില്‍ വലഞ്ഞ് ക്യാപറ്റന്മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് അവസാന ഓവറില്‍ ആവേശകരമായ വിജയം സ്വന്തമാക്കിയിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ബാക്കിനില്‍ക്കെയാണ് ഗുജറാത്ത് മറികടന്നത്.

വിജയവഴിയില്‍ തിരിച്ചെത്തിയ ഗുജറാത്തിപ്പോള്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. ഈ സന്തോഷത്തിനിടയിലും ഗുജറാത്തിന് തിരിച്ചടിയാകുന്ന വാര്‍ത്തകളാണ് ബി.സി.സി.ഐ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്നത്.

പഞ്ചാബിനെതിരായ മത്സരത്തില്‍ സ്ലോ ഓവര്‍ റേറ്റ് കാരണം പറഞ്ഞ് ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പിഴ ചുമത്തിയിരിക്കുകയാണ് ബി.സി.സി.ഐ. 12 ലക്ഷം രൂപ പാണ്ഡ്യ പിഴ അടക്കണമെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മിനിമം ഓവര്‍-റേറ്റുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണ് പാണ്ഡ്യക്ക് ഈ സീസണില്‍ പിഴ അടക്കേണ്ടിവരുന്നത്. തുടര്‍ന്നും ഈ നിയമം ലംഘിക്കുകയാണെങ്കില്‍ 12 ലക്ഷം രൂപയില്‍ കൂടുതല്‍ പിഴ ചുമത്തപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചെന്നൈക്കെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും കഴിഞ്ഞ ദിവസം പിഴ ചുമത്തപ്പെട്ടിരുന്നു. ഐ.പി.എല്‍ മത്സരങ്ങള്‍ മൂന്ന് മണിക്കൂറും 20 മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ സ്ലോ ഓവര്‍ നിരക്ക് കാരണം നാല് മണിക്കൂര്‍ വരെ പിന്നിട്ട നിരവധി ഗെയിമുകള്‍ 2023 സീസണില്‍ ഉണ്ടായിട്ടുണ്ട്. ഈ പ്രവണതകളെ കൂടുതല്‍ കര്‍ശനമായി നേരിടാനാണ് ബി.സി.സി.ഐ തീരുമാനം.

അതേസമയം, മൊഹാലിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്ത് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. 18 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ മോഹിത് ശര്‍മയും 49 പന്തില്‍ 67 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലുമാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചിരുന്നത്. അവസാന ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായെങ്കിലും ഒരു പന്ത് ശേഷിക്കെ ബൗണ്ടറിയുമായി രാഹുല്‍ തെവാട്ടിയ മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

Content Highlights: Hardik Pandya has been fined 12 Lakhs for Slow Over-rate vs PBKS

Latest Stories

We use cookies to give you the best possible experience. Learn more