| Tuesday, 8th August 2023, 9:16 pm

ഇത് അപൂര്‍വമായ കാഴ്ചയാണല്ലോ! കഴിഞ്ഞ മത്സരത്തില്‍ ഓവര്‍ കൊടുക്കാന്‍ പറ്റാത്തത്തിന്റെയാണോ ഹര്‍ദിക്കെ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ട്വന്റി-20 നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് മോശമല്ലാത്ത രീതിയില്‍ മുന്നേറുകയാണ്.

നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ 76ന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് വിന്‍ഡീസ്. 25 റണ്‍സുമായി കൈല്‍ മയേഴ്‌സും, 12 റണ്‍സുമായി ജോണ്‍സണ്‍ ചാള്‍സ് എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍.

അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ഇന്ത്യക്കായി വിക്കറ്റ് നേടിയത്. മയേഴ്‌സിനെ അക്‌സര്‍ പുറത്താക്കിയപ്പോള്‍ കുല്‍ദീപ് ചാള്‍സിനെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

ആദ്യ പത്തോവറില്‍ തന്നെ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന്റെ നാലോവര്‍ ക്വാട്ട തീര്‍ന്നിരുന്നു. ആദ്യ പത്തോവറില്‍ ഒരു സ്പിന്നറിന്റെ ക്വാട്ട തീരുന്നത് വളരെ അപൂര്‍വമായ കാഴ്ചയാണ്. ആദ്യ പത്തോവറില്‍ പേസ് ബൗളര്‍ മുകേഷ് കുമാറിന് ഒരു ഓവര്‍ പോലും ലഭിച്ചിട്ടില്ലെന്നുള്ളത് മറ്റൊരു കാര്യം.

രണ്ടാം ട്വന്റി-20 മത്സരത്തില്‍ അക്‌സര്‍ പട്ടേലിന് ഒരോവര്‍ പോലും ലഭിച്ചില്ലായിരുന്നു. മത്സരത്തിന് ശേഷം ഹര്‍ദിക്കിന്റെ ഈ പ്രവര്‍ത്തി ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിന് പകരമാണ് ഇന്ന് തുടക്കത്തില്‍ തന്നെ അക്‌സറിന്റെ സ്‌പെല്‍ തീര്‍ത്തതും എന്നും ചോദ്യങ്ങളുണ്ട്. എന്തായാലും ബാക്കിയുള്ള ഓവറുകള്‍ എങ്ങനെ വീതിക്കുമെന്ന് കണ്ടറിയാം.

അതേസമയം കഴിഞ്ഞ രണ്ട് മത്സരത്തിലും തോറ്റ ഇന്ത്യക്ക് ആ മത്സരത്തില്‍ വിജയം അനിവാര്യമാണ്. അഞ്ച് മത്സരമാണ് പരമ്പരയിലുള്ളത്.
കഴിഞ്ഞ രണ്ട് മത്സരത്തിലും ഇന്ത്യന്‍ ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം. ആദ്യ മത്സരത്തില്‍ 150 റണ്‍സ് ചെയ്‌സ് ചെയ്യാനിറങ്ങിയ ഇന്ത്യ നാല് റണ്‍സിന് തോറ്റപ്പോള്‍ രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് രണ്ട് വിക്കറ്റും ഏഴ് പന്തും ബാക്കി നില്‍ക്കെ വിജയിക്കുകയായിരുന്നു.

പരമ്പര അടിയറവ് പറയുകയാണെങ്കില്‍ 2016ന് ശേഷം വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഒരു ട്വന്റി-20 പരമ്പര നഷ്ടമാകും. ലോകകപ്പിന് തയ്യാറെടുക്കുന്ന ടീമിന് അത് മോശമായി തന്നെ ബാധിക്കും.

Content Highlight: Hardik Pandya Finished Axar Patel’s spell Before 10 Overs

We use cookies to give you the best possible experience. Learn more