| Friday, 6th May 2022, 4:24 pm

ഐ.പി.എല്ലില്‍ ഇത് പ്രതികാരത്തിന്റെ സീസണ്‍; വാര്‍ണറിന്റേത് കഴിഞ്ഞു, ഇനി ഊഴം ഹര്‍ദിക്കിന്റേത്

സ്പോര്‍ട്സ് ഡെസ്‌ക്

പ്ലേ ഓഫിനോടടത്തുകൊണ്ടിരിക്കെ ഐ.പി.എല്ലില്‍ മത്സരങ്ങളുടെ വീറും വാശിയും പതിന്‍മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. എല്ലാ ടീമും ഇതേ ആവേശത്തിലാണ് വരാനിരിക്കുന്ന ഓരോ മത്സരത്തേയും നോക്കിക്കാണുന്നത്.

എന്നാല്‍ ചില താരങ്ങള്‍ക്ക് ഇത് പ്രതികാരം വീട്ടാനുള്ള ഒരു അവസരം കൂടിയാണ്. തങ്ങളുടെ പഴയ ടീമനോട് കണക്ക് ചോദിക്കാന്‍ പറ്റിയ അവസരമായിട്ടാണ് ഈ മത്സരങ്ങളെ നോക്കിക്കാണുന്നത്.

അത്തരത്തിലൊരു പ്രതികാരത്തിന്റെ പൂര്‍ത്തീകരണമായിരുന്നു കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ കണ്ടത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ ഡേവിഡ് വാര്‍ണറിന്റെ മികച്ച ഇന്നിംഗ്‌സ് ഓറഞ്ച് പടയോടുള്ള ദേഷ്യത്തില്‍ നിന്നും തന്നെയായിരുന്നു.

വാര്‍ണറിന്റെ പ്രതികാരം എല്ലാ ടീമിന്റേയും ആരാധകര്‍ ആസ്വദിച്ചിരുന്നു. തങ്ങളുടെ പഴയ ക്യാപ്റ്റന്റെ പ്രകടനം കണ്ട് സന്തോഷിച്ച സണ്‍റൈസേഴ്‌സ് ആരാധകരും കുറവല്ല.

അത്തരമൊരു പ്രതികാരമാണ് ഐ.പി.എല്ലില്‍ വെള്ളിയാഴ്ച നടക്കാന്‍ പോകുന്ന മത്സരത്തിലും കാണാന്‍ പോകുന്നത്. സണ്‍റൈസേഴ്‌സിന്റെ സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സും വാര്‍ണറിന്റെ സ്ഥാനത്ത് ഹര്‍ദിക് പാണ്ഡ്യയുമാണെന്ന വ്യത്യാസം മാത്രമാണതിനുള്ളത്.

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിരയിലെ കരുത്തരും ഓള്‍ റൗണ്ടര്‍മാരുമായ പാണ്ഡ്യ ബ്രദേഴ്‌സ് രണ്ടുപേരെയും മുംബൈ വിട്ടുകളയുകയായിരുന്നു.

ഇതോടെ മുംബൈ ഇന്ത്യന്‍സിന്റെ സകല ബാലന്‍സും താളംതെറ്റുകയായിരുന്നു. ഒരുകാലത്ത് ഐ.പി.എല്ലിലെ ഏറ്റവും മികച്ച ടീം ഒന്നുമല്ലാതാവുന്ന കാഴ്ചയായിരുന്നു ഈ സീസണില്‍ കണ്ടത്.

എന്നാല്‍ ഇവര്‍ രണ്ടുപേരും രണ്ട് ടീമുകളില്‍ ചേക്കേറുകയും തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

മുംബൈ ഇന്ത്യന്‍സിനോട് ഏറ്റവും കൂടതല്‍ ദേഷ്യം ഒരുപക്ഷേ ഹര്‍ദിക് പാണ്ഡ്യയ്ക്ക് തന്നെയായിരിക്കും. കാരണം ടീമിന് തന്നെ വേണ്ട എന്ന് മനസിലായതോടെ മുംബൈ ഇന്ത്യന്‍സിനെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ നിന്നും അണ്‍ഫോളോ ചെയ്താണ് താരം ഇറങ്ങി പോയത്.

ഇപ്പോള്‍ ഹര്‍ദിക്കും പഴയ ടീമും നേര്‍ക്കുനേര്‍ വരികയാണ്. പണ്ട് മുംബൈയില്‍ കളിച്ചിരുന്നതുപോലെയല്ല, ക്യാപ്റ്റന്റെ ഉത്തരവാദിത്തം കൂടി താരത്തിനുണ്ട് അതിനാല്‍ തന്നെ അല്‍പം മയം താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് ആരാധകര്‍ കരുതുന്നത്.

വാര്‍ണര്‍ തന്റെ പഴയ ടീമിനോടുള്ള അരിശം തീര്‍ത്തതിന്റെ പിറ്റേന്ന് തന്നെയാണ് ഹര്‍ദിക്കും തന്റെ പഴയ ടീമിനോട് ഏറ്റുമുട്ടുന്നത്.

ഇതെല്ലാം മനസില്‍ വെച്ചാവും ഹര്‍ദിക് തന്റെ പഴയ ടീമിനോട് കൊമ്പുകോര്‍ക്കാനിറങ്ങുന്നത്. പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം തീപാറുമെന്നുറപ്പാണ്.

Content Highlight: Hardik Pandya faces His Old Team Mumbai Indians in IPL 2022

Latest Stories

We use cookies to give you the best possible experience. Learn more