ക്യാപ്റ്റന്‍സിയില്‍ വിരാടിനൊപ്പമെത്തി ഹര്‍ദിക്, ഒന്നാമന്‍ ഹിറ്റ്മാന്‍ തന്നെ
Sports News
ക്യാപ്റ്റന്‍സിയില്‍ വിരാടിനൊപ്പമെത്തി ഹര്‍ദിക്, ഒന്നാമന്‍ ഹിറ്റ്മാന്‍ തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th August 2023, 11:44 am

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആതിഥേയര്‍ 2-1ന് ലീഡ് ചെയ്യുകയാണ്.

ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ആധികാരികമായി പരമ്പര പിടിക്കാമെന്ന വിന്‍ഡീസ് മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് ഇന്ത്യ മൂന്നാം മത്സരം പിടിച്ചടക്കി പരമ്പര കൈവിടാതെ കാത്തത്.

സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടും യുവതാരം തിലക് വര്‍മയുടെ അപരാജിത ഇന്നിങ്‌സുമാണ് ഇന്ത്യക്ക് അനായാസ വിജയം നേടിക്കൊടുത്തത്.

ഈ വിജയത്തിന് പിന്നാലെ ഒരു നേട്ടം ഹര്‍ദിക് പാണ്ഡ്യയെ തേടിയെത്തിയിരിക്കുകയാണ്. ടി-20 ഫോര്‍മാറ്റിലെ ആദ്യ 14 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ രണ്ടാമതെത്തിയിരിക്കുകയാണ് ഹര്‍ദിക്.

ക്യാപ്റ്റന്റെ റോളില്‍ ആദ്യ 14 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഒമ്പത് വിജയത്തോടെയാണ് ഹര്‍ദിക് രണ്ടാം സ്ഥാനത്തുള്ളത്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പേരിലും ആദ്യ 14 മത്സരത്തില്‍ നിന്നും ഒമ്പത് വിജയമാണ് കുറിക്കപ്പെട്ടിരുന്നത്.

രോഹിത് ശര്‍മയാണ് പട്ടികയിലെ ഒന്നാമന്‍. ആദ്യ 14 മത്സരത്തില്‍ നിന്നും 12 വിജയമാണ് ഹിറ്റ്മാന്റെ പേരിലുള്ളത്.

ഓഗസ്റ്റ് എട്ടിന് നടന്ന മത്സരത്തിലെ വിജയമാണ് ഹര്‍ദിക്കിനെ വിരാടിനൊപ്പമെത്തിച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി.

42 പന്തില്‍ നിന്നും 42 റണ്‍സ് നേടിയ ബ്രാന്‍ഡന്‍ കിങ്ങും 19 പന്തില്‍ പുറത്താകാതെ 40 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റോവ്മന്‍ പവലുമാണ് വിന്‍ഡീസ് സ്‌കോര്‍ ഉയര്‍ത്തിയത്.

160 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഇന്ത്യക്കായി 44 പന്തില്‍ 83 റണ്‍സ് നേടി സൂര്യകുമാര്‍ യാദവും 37 പന്തില്‍ പുറത്താകാതെ 49 റണ്‍സ് നേടിയ തിലക് വര്‍മയും തിളങ്ങി.

 

ഒടുവില്‍ ഏഴ് വിക്കറ്റും 13 പന്തും ബാക്കി നില്‍ക്കെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

ഓഗസ്റ്റ് 12നാണ് പരമ്പരയിലെ നാലാം മത്സരം. സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്കാണ് വേദി.

 

Content highlight: Hardik Pandya equals Virat Kohli’s captaincy record