| Tuesday, 23rd May 2023, 10:46 pm

വീഡിയോ; രാജാവിന്റെ തലയെടുത്തിട്ടും ആഘോഷമില്ല; ചെപ്പോക്കിനെ നിശബ്ദമാക്കിയ നിമിഷം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ ആദ്യ ക്വാളിഫയര്‍ മത്സരത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്‌റ്റേഡിയം വേദിയാവുകയാണ്. റെയ്‌നിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് ഹോം ടീമിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് നായകന്‍ സങ്കോചം കൂടാതെ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ധോണിപ്പടക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. 87 റണ്‍സാണ് ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ നിന്നും ഗെയ്ക്വാദും കോണ്‍വേയും ചേര്‍ന്ന് അടിച്ചെടുത്തത്.

തുടക്കത്തില്‍ വീണുകിട്ടിയ ലൈഫ് ഗെയ്ക്വാദ് ശരിക്കും വിനിയോഗിച്ചു. സ്‌കോര്‍ ഒറ്റയക്കത്തില്‍ നില്‍ക്കവെ ദര്‍ശന്‍ നല്‍ക്കണ്ഡേയുടെ പന്തില്‍ ഗില്‍ ക്യാച്ചെടുത്തെങ്കിലും നോ ബോള്‍ വിളിച്ചതോടെ താരത്തിന് ലൈഫ് ലഭിച്ചു. ഒടുവില്‍ 44 പന്തില്‍ നിന്നും 60 റണ്‍സ് നേടിയാണ് ഗെയ്ക്വാദ് പുറത്തായത്.

വണ്‍ ഡൗണായെത്തിയ വമ്പനടി വീരന്‍ ശിവം ദുബെ ഒറ്റ റണ്‍സിന് പുറത്തായപ്പോള്‍ ചെന്നൈ നിന്ന് പരുങ്ങി. ഷമിയുടെ പന്തില്‍ റാഷിദ് ഖാന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ സൂപ്പര്‍ കിങ്‌സ് ഇന്നിങ്‌സിന്റെ വേഗം കുറഞ്ഞു. കോണ്‍വേ 40 റണ്‍സ് നേടി മടങ്ങിയപ്പോള്‍ രഹാനെയും റായിഡുവും 17 റണ്‍സ് വീതം നേടി പുറത്തായി.

ഏഴാമനായി ക്യാപ്റ്റന്‍ ധോണി ക്രീസിലെക്കെത്തിയതോടെ ചെപ്പോക് സ്‌റ്റേഡിയം ആര്‍പ്പുവിളികളാല്‍ മുഖരിതമായി. എന്നാല്‍ ധോണിയുടെ ബാറ്റില്‍ നിന്നും മികച്ച ഇന്നിങ്‌സ് പ്രതീക്ഷിച്ചുനിന്ന ആരാധകര്‍ക്ക് ഒന്നടങ്കം നിരാശപ്പെടേണ്ടി വരികയായിരുന്നു.

നേരിട്ട രണ്ടാം പന്തില്‍ തന്നെ ധോണി മടങ്ങി. ഒരു റണ്‍സായിരുന്നു തലയുടെ സമ്പാദ്യം. മോഹിത് ശര്‍മയുടെ പന്തില്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കിയാണ് ധോണി മടങ്ങിയത്.

മോഹിത്തിന്റെ സ്ലോ ഡെലിവെറി ബൗണ്ടറി കടത്താന്‍ ധോണി ശ്രമനിച്ചെങ്കിലും വേണ്ടത്ര എലവേഷനില്ലാത്തതിനാല്‍ ഹര്‍ദിക്കിന്റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു.

ധോണിയുടെ വിക്കറ്റ് വീഴ്ത്തിയിട്ടും ഒരു ആഘോഷവും പാണ്ഡ്യ നടത്തിയിരുന്നില്ല. ക്യാച്ചെടുത്ത ശേഷം പന്ത് വളരെ പെട്ടെന്ന് തന്നെ താരം എറിഞ്ഞു കളയുകയായിരുന്നു. മോഹിത് ശര്‍മയും കാര്യമായ ആഘോഷങ്ങളൊന്നും തന്നെ നടത്തിയിരുന്നില്ല.

ധോണി പുറത്തായതിന് പിന്നാലെ ചെപ്പോക് ഒന്നടങ്കം മൂകമായിരുന്നു. ഒരു പിന്‍ നിലത്തുവീണാല്‍ പോലും കേള്‍ക്കുന്ന നിശബ്ദത എന്നായിരുന്നു കമന്റേറ്റര്‍മാര്‍ ആ നിമിഷത്തെ കുറിച്ച് പറഞ്ഞത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് ചെന്നൈ നേടിയത്.

173 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഗുജറാത്തിന് മൂന്നാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. 16 പന്തില്‍ നിന്നും 17 റണ്‍സെടുത്ത ദാസുന്‍ ഷണകയുടെ വിക്കറ്റാണ് ടൈറ്റന്‍സിന് ഒടുവില്‍ നഷ്ടമായത്.

നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ 84 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ടൈറ്റന്‍സ്. 35 പന്തില്‍ നിന്നും 40 റണ്‍സുമായി ശുഭ്മന്‍ ഗില്ലും മൂന്ന് പന്തില്‍ നിന്നും രണ്ട് റണ്‍സുമായി ഡേവിഡ് മില്ലറുമാണ് ക്രീസില്‍.

Content highlight: Hardik Pandya didn’t celebrate after MS Dhoni’s dismissal

Latest Stories

We use cookies to give you the best possible experience. Learn more