ബുംറയല്ല, ടി-20യിലെ പാകിസ്ഥാന്റെ യഥാർഥ അന്തകൻ അവനാണ്; ചരിത്രനേട്ടത്തിൽ ഇന്ത്യൻ സൂപ്പർതാരം
Cricket
ബുംറയല്ല, ടി-20യിലെ പാകിസ്ഥാന്റെ യഥാർഥ അന്തകൻ അവനാണ്; ചരിത്രനേട്ടത്തിൽ ഇന്ത്യൻ സൂപ്പർതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th June 2024, 6:08 pm

ഐ.സി.സി ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. നസാവു കൗണ്ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് പുറത്താവുകയായിരുന്നു. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ഇന്ത്യന്‍ ബൗളിങ്ങില്‍ നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് പാകിസ്ഥാനെ തകര്‍ത്തത്. ബുംറക്ക് പുറമെ ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തിയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. നാല് ഓവറില്‍ 24 റണ്‍സ് വിട്ടു നല്‍കിയാണ് ഹര്‍ദിക് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. അര്‍ഷദീപ് സിങ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടമാണ് ഹര്‍ദിക് സ്വന്തമാക്കിയത്. ഇന്ത്യ-പാകിസ്ഥാന്‍ ടി-20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി മാറാനാണ് മുംബൈ ഇന്ത്യന്‍സ് നായകന് സാധിച്ചത്.

പാകിസ്ഥാനെതിരെ ഏഴ് ടി-20 മത്സരങ്ങളില്‍ നിന്നും 13 വിക്കറ്റുകള്‍ ആണ് താരം നേടിയത്. 11 വിക്കറ്റുകള്‍ നേടിയ മുന്‍ പാകിസ്ഥാന്‍ പേസര്‍ ഉമര്‍ ഗുലിനെയും ഭുവനേശ്വര്‍ കുമാറിനെയും മറികടന്നു കൊണ്ടായിരുന്നു ഹര്‍ദിക്കിന്റെ മുന്നേറ്റം.

ജയത്തോടെ ഗ്രൂപ്പ് എയിൽ നാലു പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ജൂണ്‍ 12ന് അമേരിക്കയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

 

Content Highlight: Hardik Pandya create a new record against Pakistan in T20