| Saturday, 27th May 2023, 9:28 am

ഫൈനല്‍ ടിക്കറ്റെടുത്തെങ്കിലും ഹര്‍ദിക്കിന് രണ്ടിടത്ത് പിഴച്ചു; ഗുജറാത്ത് നായകന്റെ വീഴ്ചകള്‍ ഇവയാണ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ സീസണിന്റെ കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് കൊമ്പ് കോര്‍ക്കാന്‍ ടിക്കറ്റെടുത്തിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. പ്ലേ ഓഫിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 62 റണ്‍സിന് തകര്‍ത്താണ് ഗുജറാത്ത് ഫൈനലിലെത്തിയത്.

സീസണിലെ മൂന്നാം സെഞ്ച്വറിയുമായി തകര്‍ത്താടിയ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ് പ്രകടനവും, അഞ്ച് വിക്കറ്റെടുത്ത പേസര്‍ മോഹിത് ശര്‍മയുടെ തീപാറും പന്തുകളുമാണ് ഗുജറാത്തിന് തുണയായത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ധോണിയുടെ ചെന്നൈയോട് വാശി തീര്‍ക്കാനൊരുങ്ങുകയാണ് ഹര്‍ദിക്കും സംഘവും.

അതേസമയം, ഗുജറാത്തിന്റെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചില വന്‍ പാളിച്ചകളും മത്സരം വെളിവാക്കുന്നുണ്ട്. ആദ്യ ഓവറില്‍ നേഹല്‍ വധേരയും പിന്നാലെ രോഹിത് ശര്‍മയും പുറത്തായിട്ടും, ബാറ്റിങ് പവര്‍പ്ലേയുടെ ആനുകൂല്യം മുംബൈ മുതലാക്കുന്നതാണ് കണ്ടത്. ആദ്യ ആറ് ഓവറില്‍ തന്നെ 72 റണ്‍സാണ് മുംബൈ വാരിയത്.

തുടര്‍ച്ചയായി മൂന്ന് ഓവര്‍ ഷമിയെ കൊണ്ട് എറിയിച്ചതാണ് വിനയായത്. ജോഷ് ലിറ്റിലും നൂര്‍ അഹമ്മദും പോലുള്ള ന്യൂ ബോള്‍ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ ടീമിലുണ്ടായിട്ടും അവരെ പന്തേല്‍പ്പിക്കാന്‍ പാണ്ഡ്യ മടിച്ചിരുന്നു. മുഹമ്മദ് ഷമി എറിഞ്ഞ അഞ്ചാം ഓവറില്‍ മാത്രം തിലക് വര്‍മ അടിച്ചെടുത്തത് 24 റണ്‍സാണ്.

നാല് ഫോറും ഒരു സിക്‌സും ഈ ഓവറില്‍ പിറന്നു. എങ്കിലും റാഷിദ് ഖാന്റെ തൊട്ടടുത്ത ഓവറില്‍ തിലക് വര്‍മയും വീണു. ഇത് നേരത്തെയാക്കാമായിരുന്നു എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഗുജറാത്തിന്റെ ബാറ്റിങ് സമയത്ത് ഏഴാം ഓവറില്‍ സായി സുദര്‍ശനാണ് ബാറ്റ് ചെയ്യാനെത്തിയത്. മറുവശത്ത് ഗില്‍ തകര്‍ത്തടിക്കുമ്പോഴും സുദര്‍ശന്‍ തെല്ലു പതുക്കെയാണ് ബാറ്റ് വീശിയത്. ഗില്ലും ഹര്‍ദിക്കും റാഷിദ് ഖാനും ഇരുനൂറിന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ തകര്‍ത്തടിക്കുമ്പോള്‍ സായിയുടെ പ്രഹരശേഷി 138.71 മാത്രമായിരുന്നു.

31 പന്തില്‍ 43 റണ്‍സാണ് താരം നേടിയത്. റിട്ടയേര്‍ഡ് ഹര്‍ട്ടായി സുദര്‍ശന്‍ മടങ്ങുന്നത് 19ാം ഓവറിലായിരുന്നു. ഇത് കുറച്ചുകൂടി നേരത്തെ ആക്കാമായിരുന്നുവെങ്കില്‍ ഗുജറാത്തിന് ഇതിലും മെച്ചപ്പെട്ട സ്‌കോര്‍ നേടാമായിരുന്നു എന്നാണ് സ്‌പോര്‍ട്‌സ്‌കീഡ ചൂണ്ടിക്കാട്ടുന്നത്.

content highlights: Hardik Pandya could’ve adopted different tactics

We use cookies to give you the best possible experience. Learn more