| Thursday, 13th April 2023, 10:40 pm

ഷമിയെ തെറി വിളിച്ച അഹങ്കാരിയില്‍ നിന്നും ക്യാപ്റ്റന്‍ കൂളിലേക്ക്; ഹര്‍ദിക് നിങ്ങള്‍ ഒരുപാട് മാറിയിരിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ന്റെ 18ാം മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ടൈറ്റന്‍സ് ശിഖര്‍ ധവാന്റെ പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. പഞ്ചാബിന്റെ ഹോം സ്‌റ്റേഡിയമായ മൊഹാലിയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

നേരത്തെ ടോസ് നേടിയ ഹര്‍ദിക് പാണ്ഡ്യ ഹോം ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തിരിച്ചുവരവ് ഗംഭീരമാക്കിയ മോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ പന്തെറിഞ്ഞ ടൈറ്റന്‍സ് ബൗളര്‍മാര്‍ പഞ്ചാബിനെ 153 റണ്‍സില്‍ ഒതുക്കുകയായിരുന്നു.

മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും ടൈറ്റന്‍സ് ബൗളര്‍മാര്‍ എക്‌സ്ട്രാസ് ഇനത്തിലും മോശമല്ലാത്ത രീതിയില്‍ റണ്‍സ് വഴങ്ങിയിരുന്നു. ഒമ്പത് വൈഡ് അടക്കം 11 റണ്‍സാണ് എക്‌സ്ട്രാസ് ഇനത്തില്‍ ടൈറ്റന്‍സ് വഴങ്ങിയത്.

ടൈറ്റന്‍സ് ബൗളര്‍മാര്‍ ഓരോ തവണ വൈഡ് എറിയുമ്പോഴും റണ്‍സ് വഴങ്ങുമ്പോഴും പിഴവുകള്‍ വരുത്തുമ്പോഴും ശാന്തനായി നിന്ന ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു മൊഹാലിയിലെ പ്രധാന കാഴ്ച. ബൗളര്‍മാരെ വഴക്ക് പറയുകയോ ദേഷ്യപ്പെടുകയോ ചെയ്യാതെ പുഞ്ചിരിച്ചുകൊണ്ട് കയ്യടിക്കുകയും അവരെ മോട്ടിവേറ്റ് ചെയ്യുകയുമാണ് ഹര്‍ദിക് പാണ്ഡ്യ ചെയ്തത്.

കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്റെ റോളിലെത്തിയ ഹര്‍ദിക് സഹതാരങ്ങളോടുള്ള പെരുമാറ്റം കണക്കിലെടുക്കുമ്പോള്‍ ഒരിക്കലും ഒരു മികച്ച ക്യാപ്റ്റനായിരുന്നില്ല. സീനിയര്‍ താരമായിരുന്നിട്ട് കൂടിയും മുഹമ്മദ് ഷമിയോട് ദേഷ്യപ്പെടുകയും വിമര്‍ശനങ്ങളേറ്റുവാങ്ങുകയും ചെയ്ത ക്യാപ്റ്റന്‍ നോട്ട് സോ കൂള്‍ ആയിരുന്നു പാണ്ഡ്യ.

എന്നാല്‍ രണ്ടാം സീസണിലേക്കെത്തിയപ്പോള്‍ ആളാകെ മാറിയ പാണ്ഡ്യ ടൈറ്റന്‍സ് ആരാധകരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.

അതേസമയം, 154 റണ്‍സ് ചെയ്തിറങ്ങിയ ടൈറ്റന്‍സ് നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 78 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 19 പന്തില്‍ നിന്നും 30 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയാണ് പുറത്തായത്.

22 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ 35 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലും 13 പന്തില്‍ നിന്നും 12 റണ്‍സ് നേടിയ സായ്‌സുദര്‍ശനുമാണ് ടൈറ്റന്‍സിനായി ക്രീസില്‍.

Content highlight: Hardik Pandya calm on the field

Latest Stories

We use cookies to give you the best possible experience. Learn more