| Friday, 14th April 2023, 1:52 pm

'മാച്ചില്‍ ജയിച്ചെങ്കിലും താരങ്ങളെ അഭിനന്ദിക്കാനാകില്ല'; ബാറ്റര്‍മാരെ പഴിചാരി ഹര്‍ദിക് പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഗുജറാത്ത് ടൈറ്റന്‍സിന്റെ തുടര്‍ മത്സരങ്ങളില്‍ ബാറ്റര്‍മാര്‍ കൂടുതല്‍ അപകടകാരികളാകണമെന്ന് ഹര്‍ദിക് പാണ്ഡ്യ. മത്സരത്തില്‍ ജയിക്കാന്‍ സാധിച്ചെങ്കിലും അഭിനന്ദനാര്‍ഹമല്ലെന്നും മിഡില്‍ ഓവറുകളില്‍ കൂടുതല്‍ റിസ്‌ക് എടുക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് കിങ്‌സിനെതിരായ മത്സര വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സത്യസന്ധമായി പറഞ്ഞാല്‍ ഈ സാഹചര്യത്തില്‍ എനിക്ക് താരങ്ങളെ പ്രശംസിച്ച് സംസാരിക്കാനാവില്ല. ഇനിയുമൊരുപാട് പഠിക്കാനുണ്ട്. അതാണ് സ്‌പോര്‍ട്‌സിന്റെ സൗന്ദര്യം. അതുകൊണ്ട് ഞങ്ങള്‍ക്കൊരുമിച്ചിരുന്ന് വിശകലം നടത്തണം. മത്സരം അവസാന ഓവറിലേക്ക് നീട്ടി ഡീപ്പ് ആയിപ്പോകുന്നില്ലെന്ന് ഉറപ്പിക്കണമായിരുന്നു. മത്സരം ഏറെ മുമ്പേ ഫിനിഷ് ചെയ്യാന്‍ ഞാനാഗ്രഹിച്ചിരുന്നു. അവസാന ഓവറിലേക്ക് മത്സരം കൊണ്ടുപോകുന്നതിനെ പിന്തുണക്കുന്ന കളിക്കാരനല്ല ഞാന്‍.

തുടര്‍ന്നുള്ള മത്സരങ്ങളില്‍ മിഡില്‍ ഓവറുകളില്‍ കൂടുതല്‍ റിസ്‌ക് എടുക്കേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്. കൂടാതെ ഗെയിം ഡീപ് ആയി പോകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്. മികച്ച വിക്കറ്റ് ആയിരുന്നെങ്കിലും ബൗളിങ്ങില്‍ ഞാന്‍ സംതൃപ്തനല്ല,’ ഹര്‍ദിക് പറഞ്ഞു.

അതേസമയം, മൊഹാലിയില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്.

24 പന്തില്‍ 36 റണ്‍സെടുത്ത മാത്യൂ ഷോര്‍ട്ടാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഗുജറാത്തിനായി മോഹിത് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഗുജാറാത്ത് 19.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 67 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്.

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വാ ലിറ്റില്‍.

പഞ്ചാബ് കിങ്‌സ്: പ്രഭ്‌സിമ്രാന്‍ സിങ്, ശിഖര്‍ ധവാന്‍, മാത്യൂ ഷോര്‍ട്ട്, ഭാനുക രജപക്‌സ, ജിതേഷ് ശര്‍മ, സാം കറന്‍, ഷാരുഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാദ, ഋഷി ധവാന്‍, അര്‍ഷ്ദീപ് സിങ്.

Content Highlights: Hardik Pandya blames batters of Gujarat Titans

We use cookies to give you the best possible experience. Learn more