ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ഫാന്‍ ഫേവറിറ്റാണ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായി താരം ഗ്രൗണ്ടില്‍ തന്റെ മാസ്റ്റര്‍ ക്ലാസ് തുടരുകയാണ്.
ക്യാപ്റ്റനായി സ്ഥാനമേറ്റെടുത്ത ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ഐ.പി.എല്ലിന്റെ കിരീടമണിയിച്ച പാണ്ഡ്യയെ തേടി രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടി-20 ടീമിന്റെ ക്യാപ്റ്റന്‍സിയുമെത്തിയിരുന്നു. നിലവില്‍ ഐ.സി.സി ടി-20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാമത് നില്‍ക്കുന്ന ഹര്‍ദിക് റെക്കോഡ് നേട്ടങ്ങളുടെ പിന്നാലെയാണ്.
ഇപ്പോഴിതാ, ഗ്രൗണ്ടിന് പുറത്തുനിന്നുള്ള ഒരു തകര്‍പ്പന്‍ നേട്ടവും ഹര്‍ദിക്കിനെ തേടിയെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ 25 മില്യണ്‍ ഫോളോവേഴ്‌സുള്ള ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റര്‍ എന്ന റെക്കോഡാണ് കുങ്ഫു പാണ്ഡ്യയെ തേടിയെത്തിയിരിക്കുന്നത്.
‘നിങ്ങളുടെ സ്‌നേഹത്തിന് എല്ലാ ആരാധകരോടും ഞാന്‍ നന്ദി അറിയിക്കുന്നു. നിങ്ങള്‍ ഓരോരുത്തരും എനിക്ക് വളരെയേറെ സ്‌പെഷ്യലാണ്. ഈ കാലയളവില്‍ അവര്‍ എനിക്ക് തന്ന സ്‌നേഹത്തിനും പിന്തുണക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ഹര്‍ദിക് പറഞ്ഞു.
അതേസമയം, ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനമാണ് ഹര്‍ദിക്കിന് മുമ്പില്‍ ഇനിയുള്ളത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.
ഈ പരമ്പരക്ക് ശേഷം ഐ.പി.എല്ലിന്റെ 16ാം എഡിഷനിലാണ് ഹര്‍ദിക് ഇനി കളിക്കുക. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ ടീമിനെ കിരീടം ചൂടിച്ച് ചരിത്രം സൃഷ്ടിച്ച താരമാണ് ഹര്‍ദിക്. ചരിത്രം കുറിക്കുന്നതിനേക്കാള്‍ പ്രയാസം ആ ചരിത്രം നിലനിര്‍ത്തുക എന്നതാണെന്ന ഉത്തമ ബോധ്യവും താരത്തിനുണ്ടാകും.