| Sunday, 24th November 2024, 8:30 pm

ചരിത്രം കുറിച്ച് ഹര്‍ദിക്; ടി-20യില്‍ ഈ ഐതിഹാസിക ഡബിള്‍ ഇവന് മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ നാളുകള്‍ക്ക് ശേഷം ഡൊമസ്റ്റിക് സര്‍ക്യൂട്ടിലേക്ക് മടങ്ങിയെത്തിയ സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യ തന്റെ തിരിച്ചുവരവിലെ ആദ്യ മത്സരത്തില്‍ തന്നെ ചരിത്രം കുറിച്ചിരിക്കുകയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തിലെ വെടിക്കെട്ടിന് പിന്നാലെയാണ് ഹര്‍ദിക് ഒരു കരിയര്‍ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്.

ടി-20 ഫോര്‍മാറ്റില്‍ 5,000 ടി-20 റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് ഹര്‍ദിക് തിരിച്ചുവരവ് ഗംഭീരമാക്കിയത്.

240 ഇന്നിങ്‌സില്‍ നിന്നും 29.80 എന്ന ശരാശരിയിലും 140.63 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്ണടിച്ചുകൂട്ടുന്നത്. ടി-20യില്‍ 19 അര്‍ധ സെഞ്ച്വറി നേടിയ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 91 ആണ്.

ഇതിന് പിന്നാലെ ഒരു ഐക്കോണിക് ഡബിളും ഹര്‍ദിക് തന്റെ പേരിലെഴുതിച്ചേര്‍ത്തു. ടി-20 ഫോര്‍മാറ്റില്‍ 5000 റണ്‍സും 100 വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഹര്‍ദിക് സ്വന്തമാക്കിയത്.

ടി-20യില്‍ പന്തെറിഞ്ഞ 219 മത്സരത്തില്‍ നിന്നും 28.62 ശരാശരിയിലും 20.6 സ്‌ട്രൈക്ക് റേറ്റിലും 180 വിക്കറ്റുകളാണ് പാണ്ഡ്യ സ്വന്തമാക്കിയത്. 8.30 എക്കോണമിയില്‍ പന്തെറിയുന്ന മുംബൈ ഇന്ത്യന്‍സ് നായകന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ 4/16 ആണ്.

അതേസമയം, ഗുജറാത്തിനെതിരായ മത്സരത്തില്‍ ഹര്‍ദിക്കിന്റെ വെടിക്കെട്ടില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് ബറോഡ സ്വന്തമാക്കിയത്. ഗുജറാത്ത് ഉയര്‍ത്തിയ 185 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കി നില്‍ക്കെ ബറോഡ മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആര്യ ദേശായിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 52 പന്തില്‍ 78 റണ്‍സ് നേടിയാണ് ദേശായി ഗുജറാത്ത് നിരയില്‍ കരുത്തായത്.

33 പന്തില്‍ പുറത്താകാതെ 43 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലും പത്ത് പന്തില്‍ 26 റണ്‍സടിച്ച ഹേമാംഗ് പട്ടേലും ഗുജറാത്ത് നിരയില്‍ തുണയായി.

ദേശായിയുടെ അര്‍ധ സെഞ്ച്വറിക്ക് പകരം രണ്ട് അര്‍ധ സെഞ്ച്വറികള്‍ തിരിച്ചടിച്ചാണ് ബറോഡ മറുപടി നല്‍കിയത്. 35 പന്തില്‍ പുറത്താകാതെ 74 റണ്‍സടിച്ച ഹര്‍ദിക് പാണ്ഡ്യയും 43 പന്തില്‍ 64 റണ്‍സ് നേടിയ ശിവാലിക് ശര്‍മയുമാണ് ബറോഡയുടെ വിജയം എളുപ്പമാക്കിയത്.

ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ബി-യില്‍ മൂന്നാമതാണ് ബറോഡ. സൗരാഷ്ട്രയും തമിഴ്‌നാടുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

നംവബര്‍ 25നാണ് ബറോഡയുടെ അടുത്ത മത്സരം. ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഉത്തരാഖണ്ഡാണ് എതിരാളികള്‍.

Content Highlight: Hardik Pandya becomes the first Indian player to pick 100 wickets and 5000 runs in T20

We use cookies to give you the best possible experience. Learn more