| Wednesday, 3rd August 2022, 11:53 am

'കുങ്ഫു പാണ്ഡ്യ'; മറ്റൊരു ഇന്ത്യന്‍ താരത്തിനുമില്ലാത്ത റെക്കോഡ് സ്വന്തമാക്കി ഹര്‍ദിക് പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. കുറേകാലത്തെ മോശം പ്രകടനത്തിനും പരിക്കിനും ശേഷം ഈ ഐ.പി.എല്ലിലാണ് അദ്ദേഹം തന്റെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയത്.

ഇപ്പോഴിതാ ട്വന്റി-20യില്‍ ഇന്ത്യക്കായി മറ്റൊരു താരവും സ്വന്തമാക്കാത്ത റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ. ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യക്കായി 500 റണ്‍സും 50 വിക്കറ്റും നേടുന്ന ആദ്യ കളിക്കാരനാണ് ഹര്‍ദിക് പാണ്ഡ്യ. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ എട്ടാം ഓവറില്‍ ബ്രാണ്ടന്‍ കിങ്ങിനെ പുറത്താക്കിയാണ് അദ്ദേഹം ഈ റെക്കോഡ് സ്വന്തമാക്കിയത്. തന്റെ ട്വന്റി-20 കരിയറിലെ 50ാം വിക്കറ്റായിരുന്നു ഇത്.

തന്റെ ട്വന്റി-20 കരിയറില്‍ 802 റണ്‍സ് അദ്ദേഹം നേരത്തെ സ്വന്തമാക്കിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന 11ാം താരമാണ് ഹര്‍ദിക്. ഷാക്കിബ് അല്‍ ഹസന്‍, ഷാഹിദ് അഫ്രീദി, ഡ്വെയ്ന്‍ ബ്രാവോ, ജോര്‍ജ് ഡോക്രെല്‍, മുഹമ്മദ് നബി, മുഹമ്മദ് ഹഫീസ്, കെവിന്‍ ഒബ്രിയാന്‍, തിസാര പെരേര എന്നിവരടങ്ങുന്ന ലിസ്റ്റിലാണ് അദ്ദേഹം കയറിയത്.

ട്വന്റി-20യില്‍ 50 വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ ബൗളറാണ് ഹര്‍ദിക്. യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവരാണ് മറ്റുള്ള അഞ്ച് പേര്‍.

അതേസമയം ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ മികച്ച ജയം കരസ്ഥമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 164 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 19 ഓവറില്‍ മത്സരം വിജയിക്കുകയായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനായി കൈല്‍ മഴേസ് 50 പന്ത് നേരിട്ട് 73 റണ്‍സ് നേടിയിരുന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സൂര്യകുമാറിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ മത്സരം കയ്യിലൊതുക്കുകയായിരുന്നു. 44 പന്തില്‍ 76 റണ്‍സാണ് സൂര്യ അടിച്ചുകൂട്ടിയത്. എട്ട് ഫോറും നാല് സിക്‌സുമടങ്ങിയതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്.

Content Highlights: Hardik Pandya became first Indian player to score 500 runs and 50 wickets in T20I cricket

We use cookies to give you the best possible experience. Learn more