| Wednesday, 3rd May 2023, 1:51 pm

ഇന്നലത്തെ രാത്രി അവന്റേതായിരുന്നു; തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഞാനവനോട് മാപ്പ് പറയുന്നു: ഹാര്‍ദിക് പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനോട് ഗുജറാത്ത് ടൈറ്റന്‍സ് അഞ്ച് റണ്‍സിന് പരാജയപ്പെട്ടിരുന്നു.

ദല്‍ഹി എട്ട് വിക്കറ്റിന് 130 റണ്‍സെടുത്തപ്പോള്‍ ഗുജറാത്ത് ഇന്നിങ്ങ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 125ല്‍ അവസാനിച്ചു.

131 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനും 125 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ 12 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്തിനെ ഇശാന്ത് ശര്‍മ ആറ് റണ്‍സിന് ഒതുക്കുകയായിരുന്നു.

പരാജയപ്പെട്ടെങ്കിലും മുഹമ്മദ് ഷമി നയിച്ച ഗുജറാത്ത് ബൗളിങ്ങ് നിര മികച്ച പ്രകടനമാണ് അഹമ്മദാബാദില്‍ കാഴ്ചവെച്ചത്. ആദ്യ ഏഴ് ഓവര്‍ പിന്നിട്ടപ്പോഴേക്കും ഷമി തന്റെ നാല് ഓവര്‍ ക്വാട്ടയും എറിഞ്ഞ് തീര്‍ത്തിരുന്നു. ഈ നാല് ഓവറില്‍ വഴങ്ങിയതാകട്ടെ വെറും 11 റണ്‍സും. 2.75 എന്ന എക്കോണമിയില്‍ റണ്‍സ് വഴങ്ങിയ താരം നാല് വിക്കറ്റും പിഴുതെറിഞ്ഞിരുന്നു. W, 0, 0, 3, 2, 0, 0, 0, 1, 0, W, 0, W,0, 0, 0, 1, W എന്നിങ്ങനെയായിരുന്നു ഷമിയുടെ ആദ്യ 18 പന്തിലെ പ്രകടനം.

എന്നാല്‍ ഐ.പി.എല്ലിലെ തന്നെ മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചിട്ടും മത്സരത്തില്‍ പരാജയപ്പെട്ടതിന് മുഹമ്മദ് ഷമിയോട് മാപ്പ് പറയുകയാണ് ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. മത്സരത്തിന് ശേഷം മീഡിയ റെപ്രസെന്റീവ്‌സിനോട് സംസാരിക്കുകയായിരുന്നു ഹാര്‍ദിക്. മത്സരത്തില്‍ ടീമിന്റെ തോല്‍വിയുടെ ഉത്തരവാദിത്തവും താരം ഏറ്റെടുത്തു.

‘സത്യസന്ധമായി പറഞ്ഞാല്‍ ഷമിയുടെ കാര്യത്തില്‍ എനിക്ക് ഖേദമുണ്ട്. ഇന്നത്തെ രാത്രി ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ഇന്നത്തെ രാത്രിയുടെ മുഴുവന്‍ ക്രെഡിറ്റും അവനാണ്. ഇനിയും ഒരുപാട് കളികള്‍ ബാക്കിയുണ്ട്. ഞങ്ങള്‍ ഈ ഗെയിമില്‍ നിന്ന് പഠിക്കും. വരാനിരിക്കുന്ന മത്സരങ്ങളില്‍ തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോകും,’
പാണ്ഡ്യ പറഞ്ഞു.

Content Highlight:  hardik pandya apologises to mohammed shami  for loss Gujarat Titans

We use cookies to give you the best possible experience. Learn more