| Friday, 11th November 2022, 5:12 pm

സൂര്യകുമാറിന് വേണ്ടി ഇതെങ്കിലും ഞാന്‍ ചെയ്യേണ്ടേ? കോഹ്‌ലിക്കും രവി ശാസ്ത്രിക്കുമെതിരെ ഒളിയമ്പുമായി ഹര്‍ദിക്

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷത്തെ ടി-20 ലോകകപ്പ് ഇന്ത്യന്‍ ടീമിനും ബി.സി.സി.ഐക്കും പലതും വ്യക്തമാക്കിക്കൊടുത്ത ടൂര്‍ണമെന്റായിരുന്നു. ടീം സെലക്ഷന്‍ എങ്ങനെയാവരുതെന്നും താരങ്ങളുടെ പേരും പെരുമയുമല്ല ഫോം മാത്രം അടിസ്ഥാനമാക്കി ടീം സെലക്ട് ചെയ്യണമെന്നുമുള്ള പ്രാഥമികമായ പാഠം ബി.സി.സി.ഐ ഇതോടെ പഠിച്ചുകാണണം.

അടുത്ത വര്‍ഷം ഇന്ത്യ ആതിഥേയരാവുന്ന 50 ഓവര്‍ വേള്‍ഡ് കപ്പിന് മുമ്പ് ബി.സി.സി.ഐ തങ്ങളുടെ തെറ്റ് മനസിലാക്കുമെന്നും അത് പരിശോധിച്ച് മുമ്പോട്ട് പോകുമെന്നുമുള്ള പ്രതീക്ഷയൊക്കെ ആരാധകര്‍ക്ക് ഇതിനോടകം തന്നെ നഷ്ടമായിരിക്കുകയാണ്.

ലോകകപ്പിന് മുമ്പ് ഫോം ഔട്ടാണെങ്കിലും ബി.സി.സി.ഐയും സെലക്ടര്‍മാരും ടീമിനും ഫോര്‍മാറ്റിനും ഗുണമില്ലാത്ത എക്‌സ് ഫാക്ടറുകളെ കണ്ടെത്തുമെന്നും ടീമിലെത്തിക്കുമെന്നുമുള്ള കാര്യവും പകല്‍ പോലെ വ്യക്തമാണെന്നും ആരാധകര്‍ വിമര്‍ശനമുന്നയിക്കുന്നു.

2022 ടി-20 ലോകകപ്പ് ക്യാമ്പെയ്ന്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് പരാജയമായിരുന്നെങ്കിലും പല വ്യക്തിഗത താരങ്ങളുടെയും മികച്ച പ്രകടനത്തിന് ലോകകപ്പ് സാക്ഷിയായിരുന്നു.

മുന്‍ നായകന്‍ വിരാട് കോഹ്‌ലി തന്റെ പഴയ ഫോം കണ്ടെത്തുകയും വെടിക്കെട്ട് നടത്തുകയും ചെയ്തതാണ് ഇതില്‍ പ്രധാനം. നാല് അര്‍ധ സെഞ്ച്വറിയും രണ്ട് മാന്‍ ഓഫ് ദി മാച്ചുമായി കളം നിറഞ്ഞാടിയ വിരാട് ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നിരയില്‍ ആശ്വാസമായ മറ്റൊരു താരം. വിരാടിനൊപ്പം തന്നെ റണ്ണടിച്ചുകൂട്ടുകയും രണ്ട് മത്സരത്തില്‍ കളിയിലെ താരവുമായ സ്‌കൈ ഇന്ത്യന്‍ ടീമിന് ആശ്രയിക്കാവുന്ന ബാറ്റര്‍ എന്ന നിലയില്‍ തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ച ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്.

ആറ് മത്സരത്തില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ച്വറിയടക്കം 239 റണ്‍സായിരുന്നു സ്‌കൈ നേടിയത്.

ടി-20 ലോകകപ്പിന് ശേഷം സൂര്യകുമാര്‍ യാദവിനെ കുറിച്ച് പറയുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. 32 വയസുകാരനായ സൂര്യകുമാറിനെ ഇന്ത്യ ടീമിലെത്തിക്കാന്‍ വൈകിയെന്നും അദ്ദേഹത്തെ ഇരുപതുകളില്‍ തന്നെ ടീമിലെത്തിക്കണമെന്നുമായിരുന്നു ഹര്‍ദിക് പറഞ്ഞത്.

ഇന്ത്യ സൂര്യകുമാറിനെ നേരത്തെ പരിഗണിക്കണമായിരുന്നുവെന്നും രണ്ട് വര്‍ഷം മുമ്പെങ്കിലും അദ്ദേഹത്തെ ടീമിലെത്തിക്കണം എന്നുമായിരുന്നു ഹര്‍ദിക് പറഞ്ഞത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹര്‍ദിക് ഇക്കാര്യം പറഞ്ഞത്.

‘സൂര്യ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയത് അല്‍പം താമസിച്ചാണ്. ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷം മുമ്പെങ്കിലും അദ്ദേഹം ഇന്ത്യന്‍ ടീമിലെത്തണമായിരുന്നു,’ ഹര്‍ദിക് പറഞ്ഞു.

ഹര്‍ദിക്കിന്റെ ഈ അഭിപ്രായത്തെ ആരാധകര്‍ ശരിവെക്കുന്നുമുണ്ട്. അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും കോച്ച് രവി ശാസ്ത്രിക്കുമെതിരെയുള്ള ഹര്‍ദിക്കിന്റെ ഒളിയമ്പാണ് ഈ പ്രസ്താവനയെന്നാണ് ആരാധകര്‍ പറയുന്നത്.

ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ഇന്ത്യന്‍ ടീമിലെത്താന്‍ സാധിക്കാത്തതില്‍ നിരാശനാണെന്ന് സൂര്യകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. 2020-21 ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ഏറെ സങ്കടപ്പെട്ടിരുന്നുവെന്നും സ്‌കൈ വ്യക്തമാക്കിയിരുന്നു.

Content Highlight: Hardik Pandya about Suryakumar Yadav

We use cookies to give you the best possible experience. Learn more