| Sunday, 10th September 2023, 1:05 pm

ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ വലിയ സമ്മര്‍ദമാണ് നേരിടുന്നത്: ഹര്‍ദിക് പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടീമിനായി കളിക്കുമ്പോള്‍ ഒരു ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ താന്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തിനു മുന്നോടിയായിട്ടായിരുന്നു ഹര്‍ദിക് പ്രതികരിച്ചത്.

ഒരു ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ തനിക്ക് വലിയ ജോലിഭാരമുണ്ടെന്നും ഇത് കൈകാര്യം ചെയ്യണമെന്നും ഹര്‍ദിക് പറഞ്ഞു. നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം സമ്മര്‍ദത്തിലാകുമ്പോള്‍ പലവട്ടം ടീമിനെ മികച്ച പ്രകടനങ്ങളിലൂടെ താരം കരകയറ്റിയിരുന്നു. ശക്തമായ ആത്മവിശ്വാസത്തിലൂടെയാണ് തനിക്ക് ഇത് സാധിച്ചതെന്ന് ഹര്‍ദിക് പറഞ്ഞു.

‘ഒരു സഹതാരം ബാറ്റ് ചെയ്തുകഴിഞ്ഞാല്‍ ഞാന്‍ ബൗളിങ് തുടരും. അതിനാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു പരിശീലനത്തില്‍ എല്ലാ കാര്യങ്ങളും ചെയ്യേണ്ടി വരും. ഞാന്‍ ഗ്രീസില്‍ നില്‍ക്കുമ്പോള്‍ എല്ലാവരും എന്നില്‍ വിശ്വാസമര്‍പ്പിക്കുന്നതായി തോന്നും, ബാക്കിയുള്ള പത്തു സഹോദരങ്ങളും എന്റെ ചുറ്റിലും ഉള്ളതായി എനിക്ക് തോന്നും. പക്ഷെ ആ സമയത്തു ഞാന്‍ ഒറ്റക്കായിരിക്കും അപ്പോള്‍ എനിക്ക് വിജയം കൈവരിക്കാനാവുമെന്ന് ഞാന്‍ കരുതും.പക്ഷെ ആ സമയത്തു ഞാന്‍ ഒറ്റക്കായിരിക്കും അപ്പോള്‍ എനിക്ക് വിജയം കൈവരിക്കാനാവുമെന്ന് ഞാന്‍ കരുതും. ഇതില്‍ നിന്നും ഞാന്‍ പഠിച്ചകാര്യം എന്തെന്നാല്‍ സ്വയം പിന്തുണക്കുകയും ആ സമയത്ത് ലോകത്തിലെ ഏറ്റവും മികച്ചവന്‍ ഞാനാണെന്നും ചിന്തിക്കുകയും ചെയ്യും. ഇത് നിങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നില്ലെങ്കിലും വിജയിക്കാനുള്ള കൃത്യമായ വഴികള്‍ കാണിച്ചു തരും. അതുകൊണ്ട് നിങ്ങൾ സ്വയം വിശ്വസിക്കുക,’ ഹര്‍ദിക് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

2023 ഏഷ്യാ കപ്പില്‍ സ്വപ്നതുല്യമായ തുടക്കമാണ് താരത്തിന് ലഭിച്ചത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ താരം നേടിയ 87 റണ്‍സ് ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടു സമ്മര്‍ദത്തിലായ ടീമിനെ പിന്നീട് ഹര്‍ദിക് പാണ്ഡ്യയുടെയും ഇഷാന്‍ കിഷന്റെയും മികച്ച ഇന്നിങ്‌സിലൂടെ തിരിച്ചുകൊണ്ടുവരുകയായിരുന്നു. രണ്ടാം മത്സരത്തില്‍ താരത്തിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ലെങ്കിലും ബൗളിങ്ങില്‍ താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഹര്‍ദിക്കിന് ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ സംഭാവനകള്‍ ചെയ്യാന്‍ കഴിയുന്നത് ടീമിന് ഒരു മുതല്‍ക്കൂട്ടാണ്.

സൂപ്പര്‍ ഫോറില്‍ വീണ്ടും ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരുമ്പോള്‍ ഹര്‍ദിക്  ഒരിക്കല്‍ കൂടി ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story Highlight: Hardik Pandya talking about the pressure as a all rounder

We use cookies to give you the best possible experience. Learn more