|

പാണ്ഡ്യയോ രോഹിത്തോ അല്ല ക്യാപ്റ്റന്‍; മുംബൈയെ നയിക്കുക അവന്‍...

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഐ.പി.എല്‍ മാമാങ്കം മാര്‍ച്ച് 22നാണ് ആരംഭിക്കുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനാണ് വേദി.

ഐ.പി.എല്ലില്‍ ആരാധകരുടെ ഫേവറേറ്റുകളിലൊന്നാണ് ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. മാര്‍ച്ച് 23ന് എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.

എന്നാല്‍ പുതിയ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈയുടെ അവസാന മത്സരത്തിനിടെ എല്‍.എസ്.ജിക്കെതിരെ സ്ലോ ഓവര്‍ റേറ്റ് കാരണം ഹര്‍ദിക്കിന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തില്‍ വിലക്കും കിട്ടിയിരുന്നു. ഇതോടെ മൂന്ന് തവണ സ്ലോ ഓവര്‍ റേറ്റില്‍ കുരുങ്ങിയ മുംബൈ ക്യാപ്റ്റന് ഐ.പി.എല്‍ നിയമപ്രകാരം അടുത്ത മത്സരത്തില്‍ പുറത്താകുമെന്നാണ് നിയമം. ഇതോടെയാണ് പുതിയ സീസണിന് മുന്നോടിയായി പാണ്ഡ്യയ്ക്ക് പുറത്ത് നില്‍ക്കേണ്ടി വന്നത്.

ഇതോടെ ചെന്നൈക്കെതിരായ ആദ്യ മത്സരത്തില്‍ ആരാണ് മുംബൈയെ നയിക്കുക എന്നത് വലിയ ചോദ്യവും ഉണ്ടായിരുന്നു. പാണ്ഡ്യയിടെ അഭാവത്തില്‍ രോഹിത്താകും ടീമിനെ നയിക്കാന്‍ സാധ്യതയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെല്ലാം വിരാമമിട്ടുകൊണ്ട് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടി-20 ക്യാപ്റ്റനും സൂപ്പര്‍ ബാറ്ററുമായ സൂര്യകുമാര്‍ യാദവാണ് ആദ്യ മത്സരത്തില്‍ മുംബൈയെ നയിക്കുകയെന്നാണ് ഹര്‍ദിക് പറഞ്ഞത്.

2013ന് ശേഷം ഐ.പി.എല്ലിലെ ഒരു ഓപ്പണിങ് മാച്ചിലും മുംബൈയ്ക്ക് വിജയിക്കാന്‍ സാധിച്ചില്ലായിരുന്നു. ഇതോടെ 2025ല്‍ സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ മുംബൈ വിജയം സ്വന്തമാക്കി നാണക്കേടില്‍ നിന്ന് കരകേറുമെന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

മുംബൈയെ അഞ്ച് ഐ.പി.എല്‍ കിരീടത്തിലെത്തിച്ച സൂപ്പര്‍ താരം രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയാണ് ഹര്‍ദിക്കിനെ മുംബൈയുടെ പുതിയ നായകനായി നിയമിച്ചത് ഏറെ ചര്‍ച്ച ചെയത വിഷയമായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ വളരെ മോശം പ്രകടനം കാഴ്ചവെച്ചാണ് മുംബൈ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. 18ാം പതിപ്പിലെ ആദ്യ മത്സരത്തിന് വേദിയൊരുങ്ങുമ്പോള്‍ ഹര്‍ദിക്കിന് പകരം ആരാണ് മുംബൈയെ നയിക്കുക എന്നതില്‍ ഒരു ചോദ്യ ചിഹ്നമുണ്ട്.

മാത്രമല്ല പുതിയ സീസണിന് മുന്നോടിയായി മുംബൈയ്ക്ക് സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ പരിക്കും വലിയ ആശങ്ക ഉയര്‍ത്തുന്നതാണ്. താരത്തിന് ആദ്യത്തെ ചില മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നാണ് പുറത്ത് വന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
Content Highlight: Hardik confirms Surya will lead Mumbai Indians in the first match against Chennai Super Kings

Video Stories