ന്യൂദൽഹി: കനേഡിയൻ പൗരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് കാനഡയിലെ സുരക്ഷാ സേനകൾ അന്വേഷിച്ചുവരികയാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയെ തുടർന്നാണ് ഇന്ത്യൻ നയതന്ത്ര ബന്ധം കൂടുതൽ വഷളായത്. ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. കാനഡയുടെ ആരോപണങ്ങളെ തള്ളി അസംബന്ധവും പ്രകോപനപരവും എന്നാണ് ഇന്ത്യ പറഞ്ഞത്.
ജൂൺ 18നാണ് ഖലിസ്ഥാൻ വാദി നേതാവും കാനഡയിലെ സറേയിലുള്ള ഗുരു നാനാക് സിഖ് ഗുരുദ്വാര സാഹിബിന്റെ അധ്യക്ഷനുമായ നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. വിഘടന സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെ.ടി.എഫി) തലവനായിരുന്നു നിജ്ജാർ.
1997ലാണ് പഞ്ചാബിൽ നിന്ന് നിജ്ജാർ കാനഡയിലേക്ക് കുടിയേറിയത്. പ്ലംബർ ആയിട്ടായിരുന്നു തുടക്കം. കാനഡയിൽവെച്ച് വിവാഹം ചെയ്ത ഇദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്. 2020 മുതൽ സറേ ഗുരുദ്വാരയുടെ അധ്യക്ഷനാണ്.
കെ.ടി.എഫിന്റെ നേതാവ് എന്ന നിലയിൽ സംഘടനയുടെ നെറ്റ്‌വർക്കിങ്ങിലും ഓപ്പറേഷനുകളിലും നിജ്ജാർ സജീവമായി ഉൾപ്പെട്ടിരുന്നു എന്നാണ് ഇന്ത്യ പറയുന്നത്. അംഗങ്ങളെ പരിശീലിപ്പിക്കുന്നതും സാമ്പത്തിക കാര്യങ്ങൾക്ക് മേൽനോട്ടം നൽകുന്നതും നിജ്ജാർ ആയിരുന്നു.
2023 ഫെബ്രുവരിയിൽ ആഭ്യന്തര മന്ത്രാലയം യു.എ.പി.എയുടെ അടിസ്ഥാനത്തിൽ കെ.ടി.എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു.
‘കെ.ടി.എഫ് ഒരു തീവ്രവാദ സംഘടനയാണ്. പഞ്ചാബിൽ തീവ്രവാദം വളർത്തുവാനും രാജ്യത്തിന്റെ അഗണ്ഡതയും പരമാധികാരവും രാജ്യ സുരക്ഷയും തകർക്കുവാനുമാണ് അവർ ലക്ഷ്യമിടുന്നത്. പഞ്ചാബിൽ കൊലപാതകങ്ങൾ ഉൾപ്പെടെ അവർ നടത്താൻ ഉദ്ദേശിക്കുന്നു,’ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയന്ത് സിങ്ങിനെ കൊലപ്പെടുത്തിയതിന് ഇപ്പോൾ ജയിലിൽ കഴിയുന്ന ജഗ്തർ സിങ് താരയെ കാണുവാൻ നിജ്ജാർ 2013-14 കാലയളവിൽ പാകിസ്ഥാനിൽ പോയെന്നും ആരോപണം ഉണ്ടായിരുന്നു.
1981ൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്ത ദാൽ ഖൽസ നേതാവ് ഗജീന്തർ സിങ്ങിന്റെ സുഹൃത്തുമാണ് നിജ്ജാർ.
നിജ്ജാറിന്റെ തലക്ക് എൻ.ഐ.എ പത്ത് ലക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. 2021ൽ ജലന്തറിലെ ഹിന്ദു പൂജാരിയെ ആക്രമിച്ച കേസിൽ നിജ്ജാറിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപയും എൻ.ഐ.എ പ്രഖ്യാപിച്ചിരുന്നു.
അന്വേഷണത്തിൽ നിജ്ജാർ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും അധിക്ഷേപകരമായ കണ്ടെന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും കലാപങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി.
2018ൽ ഇന്ത്യ സന്ദർശിച്ച ജസ്റ്റിൻ ട്രൂഡോക്ക് പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് കൈമാറിയ വാണ്ടഡ് ലിസ്റ്റിൽ നിജ്ജാറിന്റെ പേരും ഉണ്ടായിരുന്നു.
കാർഷിക ബില്ലുകൾക്കെതിരെ ദൽഹിയിൽ കർഷകർ സമരം ചെയ്തതുമായി ബന്ധപ്പെട്ട് 2020 ഡിസംബറിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കുറ്റപത്രത്തിലും നിജ്ജാർ ഉൾപ്പെട്ടിട്ടുണ്ട്. കർഷകരെക്കൊണ്ട് ഇന്ത്യൻ സർക്കാരിനെതിരെ കലാപം നയിക്കാൻ ഗുരുപത്വന്ദ് സിങ്, പരംജിത് സിങ് എന്നിവരോടൊപ്പം ഗൂഢാലോചന നടത്തി എന്നതായിരുന്നു ആരോപണം.
Content Highlight: Who was Hardeep Singh Nijjar, the Khalistani separatist that Canada’s PM Trudeau says India may have got killed