ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് മുംബൈ ഇന്ത്യന്‍സിനെതിരെ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. രാജസ്ഥാന്റെ ഏഴാം വിജയമാണ് മുംബൈക്കെതിരെ നേടിയത്.
രാജസ്ഥാന്റെ വമ്പന്‍ വിജയത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ പ്രശംസിച്ച് രംഗത്ത് വരുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. രോഹിത്തിന് ശേഷം ഇന്ത്യന്‍ ടി-20 നായകനാകുക സഞ്ജുവാണെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.
‘ സഞ്ജു സാംസണ്‍ ഉറപ്പായും അടുത്ത ടി-20 ലോകകപ്പ് ടീമിലെത്തും, മാത്രമല്ല രോഹിത്തിന്റെ കാലശേഷം അവന്‍ ഇന്ത്യന്‍ ടി-20 ടീമിന്റെ ക്യാപ്റ്റനുമാകും, ഹര്‍ഭജന്‍ പറഞ്ഞു.
ചെയ്‌സിങ്ങിന് ഇറങ്ങിയ രാജസ്ഥാന് വേണ്ടി ജോസ് ബട്‌ലറും ജയ്‌സ്വാളും മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ 25 പന്തില്‍ 6 ഫോര്‍ അടക്കം 35 റണ്‍സ് നേടി പുറത്താവുകയായിരുന്നു ബട്‌ലര്‍. പീയൂഷ് ചൗളയുടെ തകര്‍പ്പന്‍ ബൗളിങ്ങില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു താരം.
എന്നാല്‍ അതിനു ശേഷം ക്യാപ്റ്റന്‍ സഞ്ജു സാംസണും ജയ്‌സ്വാളും പടുത്തുയര്‍ത്തിയ വമ്പന്‍ കൂട്ടുകെട്ടിലാണ് രാജസ്ഥാന് വിജയം എളുപ്പമായത്. 7 സിക്‌സറും ഒമ്പത് ഫോറും ഉള്‍പ്പെടെ 104 റണ്‍സ് നേടി പുറത്താകാതെ മികച്ച പ്രകടനമാണ് ജയ്‌സ്വാള്‍ പുറത്തെടുത്തത്. 173.33 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ജയ്‌സ്വാളിന് പുറമേ സഞ്ജു സാംസണ്‍ 28 പന്തില്‍ നിന്ന് രണ്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 38 റണ്‍സ് ആണ് അടിച്ചുകൂട്ടി ജയ്‌സ്വാളിന് കൂട്ട് നിന്നത്. വിജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവുമായി 12 പോയിന്റോടെ ഒന്നാമതാണ് രാജസ്ഥാന്‍.
Content Highlight: Harbhajan Singh with a big revelation