'ക്യാപ്റ്റന്‍ മാറിയപ്പോള്‍ അവരുടെ നല്ല കാലവും തെളിഞ്ഞു'; ഓസീസിന്റെ ജയത്തിന് പിന്നാലെ ഹര്‍ഭജന്‍ സിങ്
Cricket
'ക്യാപ്റ്റന്‍ മാറിയപ്പോള്‍ അവരുടെ നല്ല കാലവും തെളിഞ്ഞു'; ഓസീസിന്റെ ജയത്തിന് പിന്നാലെ ഹര്‍ഭജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd March 2023, 1:45 pm

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഓസീസിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് കാരണം സ്റ്റീവ് സ്മിത്തെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

ആദ്യത്തെ രണ്ട് ടെസ്റ്റിലും പാറ്റ് കമ്മിന്‍സ് ആയിരുന്നു ഓസീസിന്റെ നായകന്‍. എന്നാല്‍ സ്മിത്ത് എത്തിയതോടെ കിവികള്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് അദ്ദേഹം.

‘മാച്ചിലുടനീളം മികച്ച പ്രകടനമാണ് ടീം ഓസ്‌ട്രേലിയ കാഴ്ചവെച്ചത്. ഓസ്‌ട്രേലിയ മുമ്പ് മത്സരം കളിക്കാറുള്ളത് പോലെയാണ് ഇന്നും കളിച്ചത്.

നേരത്തെ രണ്ട് ടെസ്റ്റില്‍ പരാജയപ്പെട്ടതിന്റെ യാതൊരു കുറവും മത്സരത്തില്‍ നിഴലിക്കുന്നുണ്ടായിരുന്നില്ല. അവരുടെ ക്യാപ്റ്റന്‍ മാറിയപ്പോള്‍ ടീമിന്റെ മോശം അവസ്ഥയും മാറിയെന്നാണ് ഞാന്‍ മനസിലാക്കിയത്,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 109 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ കൂനേമാനാണ് ഇന്ത്യയെ തകര്‍ത്തത്.

മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 197 റണ്‍സെടുത്തു. 60 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയാണ് ഓസീസിനായി തിളങ്ങിയത്. 88 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി കളിച്ച ഇന്ത്യ രണ്ടാം ഇന്നിങ്‌സിലും പതറുകയായിരുന്നു.

നതാന്‍ ലിയോണിന്റെ എട്ട് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ തകര്‍ത്തത്. ബാറ്റര്‍മാരുടെ മോശം പ്രകടനവും ഇന്ത്യയുടെ പതനത്തിന് കാരണമായി. 22 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

രോഹിത് ശര്‍മ (12), ശുഭ്മന്‍ ഗില്‍ (21), ചേതേശ്വര്‍ പുജാര (1), രവീന്ദ്ര ജഡേജ (4), ശ്രേയസ് അയ്യര്‍ (0), കെ.എസ്. ഭരത (17) എന്നിവര്‍ മോശം ഫോമില്‍ ഇന്ത്യയെ നിരാശപ്പെടുത്തി. അക്‌സര്‍ പട്ടേല്‍ (12*) പുറത്താവാതെ നിന്നു.

ഓസ്‌ട്രേലിയക്കെതിരെ ഈ മാസം ഒമ്പതിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. ഈ ടെസ്റ്റില്‍ വിജയിക്കാനായാല്‍ ഇന്ത്യക്ക് ഫൈനലിലേക്ക് കടക്കാം. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക.

Content Highlights: Harbhajan singh tweets after Australia’s win in Border Gavaskar Trophy