യഥാര്‍ത്ഥ ടി-20 കളിക്കുന്നത് അവരാണ്: ഹര്‍ഭജന്‍ സിങ്
Sports News
യഥാര്‍ത്ഥ ടി-20 കളിക്കുന്നത് അവരാണ്: ഹര്‍ഭജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st April 2024, 3:28 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ക്യാപ്പിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 67 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓറഞ്ച് ആര്‍മി സീസണില്‍ ഒരിക്കല്‍ക്കൂടി 250+ സ്‌കോര്‍ പടുത്തുയര്‍ത്തി. ട്രാവിസ് ഹെഡ്, ഷഹബാസ് അഹമ്മദ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളും അഭിഷേക് ശര്‍മയുടെ വെടിക്കെട്ടുമാണ് സണ്‍റൈസേഴ്സിന് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്.

മൂന്ന് തവണയാണ് ഹൈദരബാദ് 250+ റണ്‍സ് നേടി മത്സരം വിജയിക്കുന്നത്. ഈ സീസണില്‍ മുംബൈയോട് 277 റണ്‍സും ആര്‍.സി.ബിയോട് 287 റണ്‍സും ഹൈദരബാദ് നേടിയിരുന്നു.

ഇതോടെ ടീമിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

‘ഈ ഐ.പി.എല്ലില്‍ അവര്‍ അപകടകാരികളാണെന്ന് തോന്നുന്നു. സാഹചര്യങ്ങള്‍ പരിഗണിക്കാതെ ഇന്നിങ്സിന്റെ ആദ്യ പന്ത് മുതല്‍ ബൗളര്‍മാരെ തകര്‍ക്കാനാണ് അവരുടെ തീരുമാനം. യഥാര്‍ത്ഥ ടി-20 ഫോര്‍മാറ്റ് കളിക്കുന്ന ഫ്രാഞ്ചൈസിയാണ് അവര്‍.

‘ബാറ്റര്‍മാര്‍ ആക്രമണാത്മക മനോഭാവത്തോടെയാണ് കളിക്കുന്നത്, അതാണ് ടി20 ഗെയിമിനെ സമീപിക്കാനുള്ള ശരിയായ മാര്‍ഗം. അവരുടെ ബൗളര്‍മാര്‍ റണ്‍സ് വഴങ്ങിയാലും, വേണ്ടത്ര റണ്‍സ് ബോര്‍ഡിലുണ്ട്,’ ഹര്‍ഭജന്‍ പറഞ്ഞു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് തുടക്കത്തില്‍ ആഞ്ഞടിച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. ഓസീസ് യുവതാരം ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന്റെ വെടിക്കെട്ട് ഫിഫ്റ്റിയില്‍ ക്യാപ്പിറ്റല്‍സ് പൊരുതിയെങ്കിലും ആ പോരാട്ടം 20ാം ഓവറിലെ ആദ്യ പന്തില്‍ 199ല്‍ അവസാനിച്ചു.

 

 

Content Highlight: Harbhajan  singh Tolking About Sunrisers SRH