അവന്‍ ഉണ്ടെങ്കില്‍ നാലാം ഇന്നിങ്സില്‍ 400 റണ്‍സ് ടാര്‍ഗറ്റ് ആണെങ്കിലും ഇന്ത്യ പേടിക്കില്ല: ഹര്‍ഭജന്‍
Sports News
അവന്‍ ഉണ്ടെങ്കില്‍ നാലാം ഇന്നിങ്സില്‍ 400 റണ്‍സ് ടാര്‍ഗറ്റ് ആണെങ്കിലും ഇന്ത്യ പേടിക്കില്ല: ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th October 2024, 8:01 pm

അടുത്തിടെ സ്‌പോര്‍ട്‌സ് യാരിയില്‍ നടന്ന ഒരു അഭിമുഖത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും മുന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിയുക്കുറിച്ച് ഹര്‍ഭജന്‍ സിങ് സംസാരിച്ചിരുന്നു. ക്യാപ്റ്റന്‍ എന്ന നിലയില്‍ വിരാട് ടീമിന് നല്‍കിയ ഊര്‍ജ്ജത്തെക്കുറിച്ചും ധൈര്യത്തെക്കുറിച്ചുമാണ് ഹര്‍ഭജന്‍ സംസാരിച്ചത്.

 ഹര്‍ഭജന്‍ സിങ് പറഞ്ഞത്

‘നിങ്ങള്‍ കോഹ്‌ലിക്ക് കീഴില്‍ ഒരു ലോകകപ്പ് നേടിയിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം അവന്‍ ക്യാപ്റ്റന്‍സിയില്‍ പിറകിലാണെന്നല്ല. അവന്റെ തീ ടീമില്‍ എല്ലായിപ്പോഴും ഉണ്ടാകും. അതിപ്പോ നാലാം ഇന്നിങ്‌സില്‍ 400 റണ്‍സിന്റെ ടാര്‍ഗറ്റ് ചെയിസ് ചെയ്യാനുള്ളപ്പോഴാണെങ്കിലും. ഞങ്ങള്‍ ഒരിക്കലും അതില്‍ പേടിക്കില്ല. അതിന് കാരണം വിരാട് ടീമില്‍ നിറയ്ക്കുന്ന മനോവീര്യവും ധൈര്യവുമാണ്. അത് അവസാനം വരെ പൊരുതാന്‍ പ്രാപ്തരാക്കും,’ ഹര്‍ഭജന്‍ സിങ് സ്‌പോര്‍സ് യാരിയില്‍ പറഞ്ഞു.

വിരാടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സി അരങ്ങേറ്റം

2014ല്‍ അഡ്ലെയ്ഡില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് വിരാട് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ ആദ്യമായി നയിച്ചത്. 2022ല്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റതാണ് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം.

ബംഗ്ലാദേശിനെതിരെ അടുത്തിയെ നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന്റെ കൂറ്റന്‍ വിജയവും ഇന്ത്യ സ്വന്തമാക്കി. എന്നാല്‍ ഏറെ കാലങ്ങള്‍ക്ക് ശേഷം റെഡ് ബോളില്‍ തിരിച്ചുവന്ന വിരാട് ബാറ്റിങ്ങില്‍ 99 റണ്‍സാണ് നേടിയത്.

അതേസമയം ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം 49 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

 

Content Highlight: Harbhajan Singh Talking About Virat Kohli’s Captaincy