സൂര്യകുമാര്‍ യാദവല്ല അവനായിരുന്നു ടി-20 ക്യാപ്റ്റനാവേണ്ടത്; വമ്പന്‍ പ്രസ്താവനയുമായി ഹര്‍ഭജന്‍
Sports News
സൂര്യകുമാര്‍ യാദവല്ല അവനായിരുന്നു ടി-20 ക്യാപ്റ്റനാവേണ്ടത്; വമ്പന്‍ പ്രസ്താവനയുമായി ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd October 2024, 4:05 pm

2024 ടി-20 ലോകകപ്പ് നേടിയതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടി-20യില്‍ നിന്ന് വിരമിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വരവോടെ ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി പുതിയ ക്യാപ്റ്റനായി നിയമിച്ചത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെയാണ്.

2024 ടി-20 ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ഡപ്യൂട്ടിയായിരുന്ന ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി പരിഗണിക്കാത്തതില്‍ പല വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. താരത്തിന് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും എപ്പോഴും ടീമിന്റെ വലിയ റോള്‍ ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നുമാണ് ബി.സി.സി.ഐ വ്യക്തമാക്കിയത്, ഇതിനൊപ്പം സൂര്യകുമാര്‍ ഫിറ്റാണെന്നും മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ ഇന്ത്യയുടെ ടി-20 ക്യാപ്റ്റ്‌നാവാന്‍ യോഗ്യന്‍ ഹര്‍ദിക്കായിരുന്നു എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. സ്പോര്‍ട്സ് യാരിയുമായുള്ള തന്റെ സമീപകാല സംഭാഷണത്തിലാണ് മുന്‍ താരം ഇത് വ്യക്തമാക്കിയത്.

‘സമീപ കാലത്ത് നിങ്ങള്‍ക്ക് കൂടുതല്‍ ടി-20കള്‍ കളിക്കാനില്ല, മാത്രമല്ല അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ സെലക്ടര്‍മാരുടെ പക്കലുണ്ട്. അവര്‍ ഹര്‍ദിക് പാണ്ഡ്യയോട് ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ വരാനിരിക്കുന്ന പരമ്പരയെക്കുറിച്ച് സംസാരിക്കുകയും എന്താണ് വേണ്ടതെന്ന് വിശദീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. രോഹിത് ഇല്ലാതിരുന്ന സമയത്ത് അവന്‍ ഇന്ത്യയുടെ ടി-20 ക്യാപ്റ്റനായിരുന്നു. മാത്രമല്ല ഹര്‍ദിക് ഒരു തെറ്റും ചെയ്യാത്തതിനാല്‍ ഇന്ത്യയെ നയിക്കാന്‍ അര്‍ഹനായിരുന്നു.

സൂര്യകുമാറിന് ക്യാപ്റ്റന്‍സി നേതൃത്വം നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ ഫിറ്റ്നസ് എടുത്തുകാണിച്ചത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എനിക്ക് സൂര്യയോട് വിരോധമൊന്നുമില്ല. അവന്‍ ഒരു മികച്ച വ്യക്തിയാണ്, നിസ്വാര്‍ത്ഥനാണ്. നായകസ്ഥാനം ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ലെന്ന് എനിക്കറിയാം. ഹാര്‍ദിക് നിര്‍ഭാഗ്യവാനാണ്,’ അദ്ദേഹം പറഞ്ഞു.

ഇനി ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഒക്ടോബര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരം ഒക്ടോബര്‍ ഒമ്പതിന് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലും അവസാന മത്സരം ഒക്ടോബര്‍ 12ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും നടക്കും.

 

Content Highlight: Harbhajan Singh Talking About Suryakumar Yadav And Hardik Pandya